തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും മിശ്രവിവാഹിതര്‍ക്കായി സുരക്ഷിത ഭവനങ്ങള്‍ നിര്‍മിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. കെവിന്‍ വധത്തിന് സമാനമായ ദുരഭിമാനക്കൊലകള്‍ കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ വ്യത്യസ്ത ജാതി, മതങ്ങവിഭാഗങ്ങളില്‍ നിന്നുമുള്ള വിവാഹിതര്‍ക്കായി കേരളത്തിലുടനീളം സുരക്ഷിത ഭവനങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. പ്രായപൂര്‍ത്തിയായ യുവതീയുവാക്കള്‍ തമ്മിലുള്ള വിവാഹങ്ങളില്‍ ഘാപ്പ് പഞ്ചായത്തുകള്‍ ഇടപെടാന്‍ പാടില്ലെന്നും ഇത്തരം ദമ്പതികള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷിത ഭവനങ്ങള്‍ നിര്‍മ്മിക്കേണ്ടതാണ് എന്നുമുള്ള 2018ലെ സുപ്രീം കോടതി നിര്‍ദേശമാണ് കേരള സര്‍ക്കാര്‍ നടപ്പാക്കുന്നത്.

കോട്ടയത്തെ ദുരഭിമാന കൊലയുടെ ഇരയായ കെവിന്‍ കൊല്ലപ്പെട്ട്‌ ഒരു വര്‍ഷം കഴിഞ്ഞ വേളയിലാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നത്. ഇത്തരത്തിലുള്ള സുരക്ഷിത ഭവനങ്ങള്‍ നോക്കി നടത്തുന്നതിനായി സാമൂഹിക സേവന വകുപ്പ് തത്പര സംഘടനകളില്‍ നിന്നും അപേക്ഷകളും ക്ഷണിച്ചിട്ടുണ്ട്. ഭീഷണികള്‍ നേരിടുന്ന മിശ്ര വിവാഹിതരില്‍ നിന്നുമുള്ള പരാതികള്‍ സ്വീകരിക്കുന്നതിനും അതിന്മേല്‍ നടപടികള്‍ എടുക്കുന്നതിനും ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍, സൂപ്രണ്ട് ഒഫ് പൊലീസ്, പട്ടിക ജാതി/ പട്ടിക വര്‍ഗ ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ സെല്ലും സര്‍ക്കാര്‍ രുപീകരിക്കും. സമൂഹത്തില്‍ നിന്നും സ്വകുടുംബത്തില്‍ നിന്നും ഇവര്‍ നേരിടുന്ന ഭീഷണികളെ കുറിച്ചുള്ള പരാതികളെയാണ് സ്പെഷ്യല്‍ സെല്‍ പരിഗണിക്കുക.

ഭീഷണി നേരിടുന്ന ദമ്പതികള്‍ക്ക് സുരക്ഷിത ഭവനങ്ങളില്‍ അഭയം നല്‍കാനായി ശുപാര്‍ശ ചെയ്യാന്‍ സ്പെഷ്യല്‍ സെല്ലിന് അധികാരമുണ്ടാകും. ഇതുകൂടാതെ 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനും സെല്ലില്‍ ആരംഭിക്കും. മിശ്രവിവാഹിതര്‍ക്ക് ഒരു വര്‍ഷം വരെയാണ് സുരക്ഷിത ഭവനങ്ങളില്‍ താമസിക്കാന്‍ സാധിക്കുക. ഇതിനുശേഷവും അഭയം ആവശ്യമുണ്ടെങ്കില്‍ ദമ്പതിമാര്‍ക്ക് അപേക്ഷയുമായി വീണ്ടും സ്പെഷ്യല്‍ സെല്ലിനെ സമീപിക്കാവുന്നതാണ്. ഒരു ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് 30,000 രൂപവരെ ഇവര്‍ക്ക് ധനസഹായവും സര്‍ക്കാര്‍ നല്‍കും. ദമ്പതികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി ഈ തുക 50, 000 ആയി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. സുപ്രീം കോടതി വിധിക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരും മിശ്രവിവാഹിതര്‍ക്ക് സുരക്ഷിത ഭവനങ്ങള്‍ നിര്‍മിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു.