കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. ഒന്‍പതാം പ്രതി പത്തനംതിട്ട സ്വദേശി സനില്‍കുമാറാണ് കോട്ടയം പാലായില്‍ നിന്ന് പിടിയിലായത്.

കഴിഞ്ഞദിവസം നടിയെ ആക്രമിച്ച കേസിലെ പ്രാരംഭ വാദത്തിനിടെ, ഹാജരാവാതിരുന്ന സനില്‍കുമാറിന്റെ ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് ജാമ്യക്കാരായി നിന്ന രണ്ടുപേരെ വിളിച്ചുവരുത്തിയ കോടതി, 11ന് പ്രതിയെ കോടതി മുമ്ബാകെ ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു. അല്ലാത്ത പക്ഷം ജാമ്യക്കാര്‍ 80,000 രൂപ വീതം കോടതിയില്‍ കെട്ടിവെക്കണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് സനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായത്.

ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ സനില്‍കുമാറിനെതിരെ നെടുമ്ബാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനിടെ, പാലായിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി നോക്കുകയാണ് എന്ന വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. പത്തനംതിട്ടയിലെ സ്വന്തം വീട്ടിലും നിരവധി തവണ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോയ കാര്യം പൊലീസ് വിചാരണ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ ജാമ്യം കോടതി റദ്ദാക്കിയത്.