വലിയ പ്രതീക്ഷകളുണര്‍ത്തി ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി രംഗത്തു വന്ന കാലിഫോര്‍ണീയ സെനറ്റര്‍ കമലാ ദേവി ഹാരിസ് മല്‍സര രംഗത്തു നിന്നു പിന്മാറി.

ആവശ്യമായ പണം കണ്ടെത്തുക വിഷമകരമായതിനാല്‍ പിന്മാറുകയാണെന്നു അവര്‍ സന്ദേശത്തില്‍ അറിയിച്ചു. സ്വയം പണം മുടക്കാന്‍ താന്‍ ബില്യനറൊന്നുമല്ല. പുതുതായി സ്ഥാനാര്‍തിത്വം പ്രഖ്യാപിച്ച മുന്‍ ന്യുയോര്‍ക്ക് മേയര്‍ മൈക്ക് ബ്ലൂം ബര്‍ഗിനെ ഉന്നം വച്ച് ആയിരിക്കണം അവര്‍ ഇത് പറഞ്ഞത്.

മല്‍സര രംഗം വിട്ടാലും ജനകീയ പ്രശ്‌നങ്ങളില്‍ പോരാട്ടം തുടരുമെന്നു കമല ഹാരീസ് പറഞ്ഞു.

പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനു ശ്രമിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണു കമല ഹാരീസ്. കഴിഞ്ഞ തവണ മുന്‍ ലൂസിയാന ഗവര്‍ണര്‍ ബോബി ജീന്‍ഡാലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനു ശ്രമിച്ച് പച്ച തപ്പാതെ സ്ഥലം വിട്ടു.

ഇനിയിപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമലാ ഹാരീസിനെ സ്വീകരിക്കുമോ എന്നാണറിയേണ്ടത്.മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയാല്‍ അതിനും സാധ്യത ഉണ്ടെന്നു കരുതുന്നു.

വലിയ ജനപങ്കളിത്തം നേടിയാണു കമല ഹാരീസ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. 20,000 പേര്‍ അതില്‍ പങ്കെടുത്തു. ആദ്യത്തെ ഡിബേറ്റില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനെ നിലം പരിശാക്കി കമല ഒന്നാമതെത്തിയതാണ്.

പക്ഷെ ക്രമേണ സ്ഥിതി മാറി. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലെന്ന നിലയിലുള്ള അവരുടെ പ്രവര്‍ത്തനം വിമര്‍ശിക്കപ്പെട്ടു. മറ്റൊരു സ്ഥാനാര്‍ഥിയും കോണ്‍ഗ്രസിലെ ആദ്യ ഹിന്ദുവുമായ ടുള്‍സി ഗബ്ബാര്‍ഡ് ആയിരുന്നു ആക്രമണത്തിനു മുന്നില്‍.

അടുത്തയിടക്ക് കമലയുടെ പ്രധാന ഉപദേശകരിലൊരളായ കെല്ലി മെഹ്ലന്‍ബാഷര്‍ അവരെ വിട്ട് ബ്ലൂംബര്‍ഗിന്റെ കാമ്പെയിനില്‍ ചേര്‍ന്നു. കമലയുടെ കാമ്പെയിനെതിരെ കടുത്ത ആരോപണം ഉന്നയിക്കുകയും ചെയ്തു.

ഇങ്ങനെ ഒക്കെ ആണെങ്കിലും അടുത്ത ഡിബേറ്റില്‍ പങ്കെടുക്കാന്‍ കമല യോഗ്യത നേടിയിരുന്നു. ബൈഡന്‍, സെനറ്റര്‍ എലിസബത്ത് വാറന്‍, സെന. ബെര്‍ണി സാന്‍ഡേഴ്‌സ്, പീറ്റ് ബട്ടിജ്, സെന. ഏമി ക്ലോബുഷര്‍ , ടൊം സ്റ്റെയര്‍ എന്നിവരാണു ഡിബേറ്റിനു യോഗ്യത നേടിയ മറ്റുള്ളവര്‍.

ഡിബേറ്റിനു യോഗ്യത്ഇതെ വരെ നേടാത്ത സെന. കോറി ബുക്കര്‍, ആന്‍ഡ്രൂ യാംഗ്, ജൂലിയന്‍ കാസ്‌ട്രോ എന്നിവര്‍ കമലക്കു പിന്നിലാണ്. പക്ഷെ അവര്‍ ഇനിയും കളം വിട്ടിട്ടിട്ടില്ല.

മികച്ച പോരാളിയും ഒന്നാം കിട ബുദ്ധിമതിയുമാണു കമല എന്നു ബൈഡന്‍ പ്രതികരിച്ചു. അവരുടെ പിന്മാറ്റം സമ്മിശ്ര വികാരങ്ങളാണു തന്നിലുണ്ടാക്കുന്നത്.