നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പിലാകുമെന്ന് സൂചന. വധശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാര്‍ ഇല്ലാത്തത് തിഹാര്‍ ജയില്‍ അധികൃതരെ വിഷമത്തിലാക്കുന്നു. ഒരു മാസത്തിനുള്ളില്‍ തന്നെ വധശിക്ഷ നടപ്പിലാക്കേണ്ടി വരുമെന്നാണു ജയില്‍ അധികൃതരുടെ കണക്കുകൂട്ടല്‍.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. ഇനി രാഷ്ട്രപതിക്കു ഹര്‍ജി നല്‍കുക എന്ന മാര്‍ഗം മാത്രമാണു മുന്നിലുള്ളത്. എന്നാല്‍ പ്രതികളില്‍ വിനയ് ശര്‍മ്മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കാന്‍ തയാറായത്.

വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളണമെന്നു ഡല്‍ഹി സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തോട് ശക്തമായി ശുപാര്‍ശ ചെയ്തിരുന്നു. ചെയ്ത കുറ്റത്തിന്റെ തീവ്രത അനുസരിച്ച്‌ ദയാഹര്‍ജി തള്ളണമെന്നു ഡല്‍ഹി സര്‍ക്കാര്‍ ശക്തമായി വാദിച്ചിരുന്നു. രാഷ്ട്രപതി ദയാഹര്‍ജി തള്ളുന്ന സാഹചര്യമുണ്ടായാല്‍ കോടതി വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കി ‘ബ്ലാക് വാറണ്ട്’ പുറപ്പെടുപ്പിക്കുന്നതാണ് അടുത്ത ഘട്ടം.

പൊടുന്നനെ വധശിക്ഷയിലേക്കു കടക്കേണ്ട ഒരു സാഹചര്യമുണ്ടായാല്‍ എന്ത് ചെയ്യാനാകുമെന്നു ഉദ്യോഗസ്ഥര്‍ കൂടിയാലോചന നടത്തി. ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ ആരാച്ചാര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു.