മരടിലെ ഫ്‌ളാറ്റുകള്‍ക്ക് സമീപമുള്ള വീടുകള്‍ക്ക് വിള്ളലുണ്ടായത് പൊളിക്കല്‍ നടപടിയെ തുടര്‍ന്നല്ലെന്ന് രാജ്യത്തെ പ്രമുഖ നിയന്ത്രിത സ്‌ഫോടന വിദഗ്ധന്‍ എസ്ബി സര്‍വാതെ. കാലപ്പഴക്കം മൂലമുള്ള സ്വാഭാവിക പ്രതിഭാസമാണ് വീടുകളിലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമൂലം സമീപത്തെ പാര്‍പ്പിടങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കാര്യമായ ആഘാതമുണ്ടാകില്ലെന്നാണ് എസ് ബി. സര്‍വാതെയുടെ നിലപാട്. തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മരടില്‍ അപകട സാധ്യത കാണുന്നില്ലെന്നും സമീപത്തെ വീടുകളിലെ വിള്ളലുകള്‍ നിലവിലെ പൊളിക്കല്‍ നടപടികളുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി പുല്ലേപ്പടിയിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനിയേഴ്‌സ് ഇന്ത്യ, കൊച്ചി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ‘നിയന്ത്രിത സ്‌ഫോടനം’ എന്ന വിഷയത്തില്‍ നടത്തിയ സാങ്കേതിക അവതരണത്തില്‍ ദൃശ്യങ്ങള്‍ സഹിതം നിയന്ത്രിത സ്‌ഫോടനം സര്‍വാതെ വിശദീകരിച്ചു. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ 8 -10 ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മാര്‍ജനം ചെയ്യാനാകുമെന്നും സര്‍വാതെ വ്യക്തമാക്കി.