തിരുപ്പുര്‍: രാത്രി ഭക്ഷണം കഴിച്ച്‌ വിശ്രമിക്കുകയായിരുന്ന 68കാരന്റെ ദേഹത്തേക്ക് 13 വയസുള്ള പെണ്‍കുട്ടി കാര്‍ ഓടിച്ചു കയറ്റി. തമിഴ്‌നാട്ടിലെ തിരുപ്പുരിലാണ് സംഭവം. കഴിഞ്ഞ നവംബര്‍ 25ന് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

68കാരനായ വി ഗാന്ധിമണിയനാണ് അപകടത്തില്‍ പരുക്കേറ്റത്. വാരിയെല്ലിന് പൊട്ടലടക്കം നിരവധി പരുക്കുകളേറ്റ ഇയാള്‍ നാല് ദിവസമായി ആശുപത്രിയിലാണ്.

രാത്രി ഭക്ഷണം കഴിച്ച്‌ റോഡരികിലുള്ള വീടിന്റെ മുന്‍ഭാഗത്ത് വിശ്രമിക്കുകയായിരുന്നു ഗാന്ധിമണിയന്‍. ഈ സമയത്താണ് കാര്‍ ഇയാളുടെ ദേഹത്തേക്ക് ഇടിച്ച്‌ കയറിയത്. ​കാര്‍ ഇയാളെ ഇടിച്ച്‌ തെറിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അമിത വേ​ഗമില്ലാഞ്ഞതിനാല്‍ വലിയ അപകടത്തില്‍ നിന്ന് 68കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

ചെറിയ പെണ്‍കുട്ടിയാണ് കാര്‍ ഓടിച്ചതെന്ന് വീഡിയോയില്‍ കാണാം. അപകടം നടന്നയുടനെ കുട്ടിക്കൊപ്പം കാറിലുണ്ടായിരുന്ന മുതിര്‍ന്ന വ്യക്തി കാറിന്റെ ഡോര്‍ തുറന്ന് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് കാറിനരികില്‍ നിന്ന് മാറി പെണ്‍കുട്ടി റോഡരികില്‍ നില്‍ക്കുന്നതും അപകടം കണ്ട് മറ്റ് ആളുകള്‍ ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

അതേസമയം പരുക്കേറ്റ ഗാന്ധിമണിയന്റെ കുടുംബം ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഗതാ​ഗത നിയമ ലംഘനം നടത്തിയതിനാല്‍ പൊലീസിലറിയിക്കരുതെന്ന് ആവശ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഗാന്ധിമണിയന്റെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുത്തുതായും റിപ്പോര്‍ട്ടുകളുണ്ട്.