ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ പോവുന്ന സ്ത്രീകള്‍ക്കു സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ അപേക്ഷ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും. ശബരിമല ദര്‍ശനത്തിന് പൊലീസ് നടത്തുന്ന പ്രായപരിശോധന നിര്‍ത്തിവെക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ബിന്ദു അമ്മിണി അപേക്ഷയായി (ആപ്ലിക്കേഷന്‍ ഫോര്‍ ഡയറക്ഷന്‍) ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പോകാന്‍ കഴിയണമെന്ന് അപേക്ഷയില്‍ പറയുന്നു. സ്ത്രീകളെ പ്രായത്തിന്റെ പേരില്‍ തടയുന്നവര്‍ക്കെതിരെ നടപടി വേണം. ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 ലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് അപേക്ഷയില്‍ ബിന്ദു ആവശ്യപ്പെടുന്നു. ശബരിമല വിഷയം വിശാല ബെഞ്ചിന് വിട്ട പശ്ചാത്തലത്തില്‍ ഇതിന്റെ പേരില്‍ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കില്ലെന്ന് സര്‍ക്കാര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. യുവതി പ്രവേശം കോടതി സ്‌റ്റേ ചെയ്യാതിരിക്കുമ്ബോഴാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ദര്‍ശനം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും പ്രായഭേദമെന്യേ ശബരിമലയില്‍ പോകാനുള്ള സാഹചര്യം ഒരുക്കണം. ഇപ്പോള്‍ പ്രായപരിശോധന നടത്തുന്ന സമ്ബ്രദായം ഉടന്‍ നിര്‍ത്തണം. ആചാരത്തിന്റെ പേരില്‍ യുവതികളെ തടയുന്നത് ഭക്തരുടെ പേരില്‍ ഒരു സംഘമാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണം. ഇവര്‍ക്ക് ഒരുപറ്റം ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു. ഇവര്‍ക്കെതിരെയും നടപടി വേണമെന്ന് ബിന്ദു അമ്മിണി ആവശ്യപ്പെടുന്നു.