തിരുവനന്തപുരം: തമിഴ്നാട്ടിലെ തൂത്തുകുടിയില്‍ ഇന്ത്യയുടെ പുതിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം നിര്‍മ്മിക്കുന്നു. കുലശേഖരപട്ടണത്ത് 2,300 ഏക്കറിലാണ് കൂറ്റന്‍ കേന്ദ്രം സ്ഥാപിക്കുന്നത്. അഞ്ഞൂറ് കിലോ വരെ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങള്‍ക്കും വാണിജ്യ വിക്ഷേപണങ്ങള്‍ക്കും വേണ്ടി ഐ. എസ്. ആര്‍. ഒ വികസിപ്പിച്ച കുഞ്ഞന്‍ റോക്കറ്റായ എസ്.എസ്.എല്‍.വി ദൗത്യങ്ങള്‍ക്കാണ് പുതിയ കേന്ദ്രം. പി. എസ്. എല്‍. വി റോക്കറ്റിന്റെ മിനി രൂപമാണ് എസ്.എസ്.എല്‍.വി അഥവാ സ്‌മാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍. അടുത്ത വര്‍ഷം അവസാനം വിക്ഷേപണം തുടങ്ങും. ഇതോടെ മറ്റ് ബഹിരാകാശ വന്‍ശക്തികളെ പോലെ ഇന്ത്യയ്‌ക്കും ഒന്നിലേറെ വിക്ഷേപണ നിലയങ്ങള്‍ സ്വന്തമാകും. വലിയ വിക്ഷേപണങ്ങള്‍ നടത്താത്ത തുമ്ബ കൂടി കണക്കാക്കിയാല്‍ ഇന്ത്യയുടെ മൂന്നാമത്തെ വിക്ഷേപണ കേന്ദ്രമാണ് തൂത്തുക്കുടി.

നിലവില്‍ ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ മാത്രമാണ് വിക്ഷേപണ കേന്ദ്രമുള്ളത്. അവിടെ ഭാരംകൂടിയ ഉപഗ്രഹങ്ങള്‍ക്കും ഗോളാന്തര വിക്ഷേപണങ്ങളും, ഗഗന്‍യാനും പോലുള്ള ദൗത്യങ്ങള്‍ക്കും പ്രാധാന്യം നല്‍കാനാണ് തീരുമാനം. ഐ.എസ്.ആര്‍.ഒ.യുടെ സ്വന്തം വിക്ഷേപണങ്ങളും വാണിജ്യ ദൗത്യങ്ങളും വര്‍ദ്ധിച്ചതോടെയാണ് പുതിയ കേന്ദ്രം വേണ്ടിവന്നത്.

പുതിയ കേന്ദ്രം ഗുജറാത്തില്‍ സ്ഥാപിക്കാനായിരുന്നു ആലോചന. എന്നാല്‍ ഭൂമദ്ധ്യരേഖയും ദക്ഷിണധ്രുവവുമായുമുള്ള അടുപ്പവും ഭൂമി ലഭ്യതയും ഉള്‍പ്പെടെ അനുകൂല സാഹചര്യങ്ങള്‍ തൂത്തുക്കുടിയിലാണ്. പി. എസ്. എല്‍. വിയുടെ രണ്ടും നാലും സ്റ്റേജ് എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന തിരുനെല്‍വേലി ജില്ലയിലെ മഹേന്ദ്രഗിരി ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്ററും അടുത്താണ്.

ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ ജനവാസ മേഖലകളായ ശ്രീലങ്ക, ലക്ഷദ്വീപ്, മാലദ്വീപ് എന്നിവ ഒഴിവാക്കാന്‍ ആദ്യം കിഴക്കോട്ടും പിന്നീട് തിരിഞ്ഞ് തെക്കുകിഴക്കോട്ടും പറക്കണം. സഞ്ചാരപഥം നേര്‍രേഖയിലല്ല. ശ്രീലങ്കയെ ചുറ്റി പോകുന്നതിനാല്‍ കൂടുതല്‍ ഇന്ധനം വേണം. ചെലവും കൂടുതലാണ്. തൂത്തുക്കുടിയില്‍ ഇത് ഒഴിവാക്കാം. എസ്. എസ്. എല്‍.വി റോക്കറ്റുകള്‍ക്ക് ഇന്ധനം കുറവായതിനാല്‍ ചുറ്റിക്കറങ്ങാതെ പെട്ടെന്ന് ബഹിരാകാശത്ത് എത്തിക്കണം.

തൂത്തുകുടിയുടെ പ്രത്യേകത

തെക്കോട്ട് നേര്‍രേഖയില്‍ വിക്ഷേപിക്കാം

ദക്ഷിണധ്രുവത്തിലേക്ക് പെട്ടെന്ന് എത്താം

ഭൂമദ്ധ്യരേഖയ്‌ക്ക് മീതേ പെട്ടെന്ന് ഭ്രമണപഥത്തില്‍ എത്താം

പരാജയപ്പെട്ടാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കും.

മനുഷ്യവാസ മേഖല ഒഴിവാകും

ശ്രീലങ്ക, ബ്രിട്ടീഷ് ഇന്ത്യന്‍ മഹാസമുദ്രം, മാലദ്വീപ് എന്നിവ ഒഴിവാക്കാം

കൂടുതല്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാം

ശ്രീഹരിക്കോട്ട സതീഷ്ധവാന്‍ കേന്ദ്രം

സ്ഥാപിച്ചത് 1971 ല്‍

 മൂന്ന് വിക്ഷേപണത്തറകള്‍

ഒന്ന് പി.എസ്. എല്‍.വി റോക്കറ്റിന്

രണ്ട് ജി.എസ്.എല്‍.വി റോക്കറ്റിന്

മൂന്ന് ഗഗന്‍യാന്‍ പോലുള്ള പ്രത്യേക ദൗത്യം

147 ചതുരശ്ര കി.മീ വിസ്തൃതി

 1994 മുതല്‍ വിക്ഷേപണം

”തൂത്തുകുടി ഉപഗ്രഹകേന്ദ്രം അടുത്ത വര്‍ഷം അവസാനം തുറക്കാനാകും. അതിനു മുന്നോടിയായി അടുത്തവര്‍ഷം ജനുവരിയില്‍ എസ്.എസ്. എല്‍.വി റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് രണ്ട് പരീക്ഷണ പറക്കലുകള്‍ നടത്തും.”

ഡോ.കെ.ശിവന്‍

ഐ.എസ്. ആര്‍.ഒ ചെയര്‍മാന്‍