കോഴിക്കോട് : ട്രാന്‍സ്‌ജെന്‍ഡര്‍ നടി അഞ്ജലി അമീറിനു നേരെ ആസിഡ് ആക്രമണ ഭീഷണിയുള്ളതായി പരാതി. ലിവിങ് ടുഗദര്‍ പങ്കാളിയാണ് വധ ഭീഷണി മുഴക്കിയിരിക്കുന്നതെന്നും നടി വെളിപ്പെടുത്തി. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഒരുമിച്ചു താമസിച്ചിരുന്ന കൊടുവള്ളി സ്വദേശി അനസ് വി.സി.ക്കെതിരെയാണ് ആരോപണം. താത്പ്പര്യമില്ലാതെ അയാള്‍ക്കൊപ്പം നിര്‍ബന്ധിച്ച്‌ താമസിപ്പിക്കുകയാണ്. മാനസികമായി അനസുമായി ഒരു ബന്ധവുമില്ല. ഈ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചതോടെ അയാള്‍ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

തന്റെ ജീവിതത്തില്‍ ഇനിയെന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ അതിനെല്ലാം പൂര്‍ണ ഉത്തരവാദിത്വം ആ വ്യക്തിക്കായിരിക്കും. ഒന്നരവര്‍ഷമായി അയാള്‍ക്ക് ജോലിയില്ല. താന്‍ ജോലി ചെയ്തുണ്ടാക്കുന്ന കാശുമുഴുവന്‍ ഇയാള്‍ വാങ്ങുന്നു. അനസിനോട് തനിക്ക് പ്രണയമില്ല. എന്നാലും കൈയും കാലും പിടിച്ച്‌ പിന്നാലെ കൂടും. തനിക്ക് അച്ഛനോ അമ്മയോ ആരുമില്ലാത്തതാണ് അയാള്‍ മുതലെടുക്കുകയാണെന്നും അഞ്ജലി ആരോപിച്ചു.

പോലീസ് കമ്മിഷണര്‍ക്ക് ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങള്‍ ഇങ്ങനെ തുറന്നു പറയുന്നത് മോശമാണെന്നറിയാം. വേറെ മാര്‍ഗ്ഗമൊന്നും കാണാത്തതിനെ തുടര്‍ന്നാണ് ഇതെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു.