ന്യൂഡല്‍ഹി: മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന ആവശ്യവുമായാണ് കുടുംബം പ്രധാനമന്ത്രിയെ കാണുന്നത്. കൂടിക്കാഴ്ച്ചക്കുള്ള സമയത്തെ കുറിച്ച്‌ വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞ മാസം ഒമ്ബതിനാണ് ഫാത്തിമയെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിട്ടുണ്ട്.

അതേസമയം ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് പരിശോധനയില്‍ ഇന്നലെ സ്ഥിരീകരിച്ചു. ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ഫാത്തിമയുടെ മൊബൈല്‍ ഫൊറന്‍സിക് വിഭാഗം പരിശോധിച്ചത്.

തന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്ന കുറിപ്പ് മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ സേവറായാണ് ഫാത്തിമ വച്ചിരുന്നത്. മരിക്കുന്നതിന് തൊട്ടു മുന്‍പാണ് ഇത് എഴുതിയത്. മരണത്തിന് ശേഷം ഇതില്‍ എഡിറ്റിംഗ് നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.