ചെന്നൈ: തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് മരിച്ച 17 പേരുടെ കുടുംബാംഗങ്ങള്‍ക്ക് ആറ് ലക്ഷം കൂടി നഷ്ടപരിഹാരം നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. നേരത്തെ നാല് ലക്ഷം രൂപയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള തുക അനുവദിക്കുക. മരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് വിദ്യഭ്യാസ യോഗ്യത അനുസരിച്ച്‌ സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.

ഈ അപകടവുമായി ബന്ധപ്പെട്ട് മേട്ടുപ്പാളയം സ്വദേശി ശിവ സുബ്രഹ്മണ്യനെ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ പറമ്ബിലെ മതില്‍ ഇടിഞ്ഞുവീണാണ് 17 പേര്‍ മരിച്ചത്.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന ശക്തമായ മഴ അടുത്ത 24 മണിക്കൂര്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരമേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം മഴക്കെടുതിയില്‍ മരണം 25 ആയി. രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി.

വെള്ളക്കെട്ട് താഴ്ന്ന് തുടങ്ങിയതിനാല്‍ നഗര മേഖലയില്‍ ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. മഴക്കെടുതിയില്‍ 17 പേര്‍ മരിച്ച മേട്ടുപ്പാളയം ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സന്ദര്‍ശിക്കും. തഞ്ചാവൂരിലും നീലഗിരിയിലും ഉള്‍പ്പെടെ വ്യാപക കൃഷി നാശമാണ് ഉണ്ടായത്. കേന്ദ്ര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ കേന്ദ്രത്തിന് നിവേദനം നല്‍കും.