കൊച്ചി: ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഇതിനായി ജില്ലാ കലക്ടറെ കോടതി ചുമതലപ്പെടുത്തി. സുപ്രീം കോടതി വിധിയനുസരിച്ച്‌ പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന പരാതി ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. പളളി പിടിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തന്റെ എല്ലാ അധികാരങ്ങളും ഉപയോഗിക്കാമെന്ന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് സമാധാന അന്തരീക്ഷം പുനഃസ്ഥാപിച്ച ശേഷം ആരാധന തുടങ്ങിയാല്‍ മതിയെന്നും നിര്‍ദേശിച്ചു.

ക്രമസമാധാന പ്രശ്‌നമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാകണം പള്ളി ഏറ്റെടുക്കാന്‍. കലക്ടറുടെ നടപടി തടസപ്പെടുത്താന്‍ വരുന്നവരെ അറസ്റ്റ് ചെയ്ത് നീക്കണം. പള്ളിക്കുള്ളില്‍ തമ്ബടിച്ചവരെ പൂര്‍ണ്ണമായും ഒഴിപ്പിച്ച ശേഷമാകണം പള്ളി ഏറ്റെടുക്കേണ്ടത്. നിയമവാഴ്ച ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു. സുപ്രീംകോടതി ഉത്തരവനുസരിച്ച്‌ കോതമംഗലം ചെറിയ പള്ളി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ഹര്‍ജിയിലാണ് കര്‍ക്കശ നിലപാട് വ്യക്തമാക്കിയുള്ള ഹൈക്കോടതി ഉത്തരവ്.

കലക്ടര്‍ ഏറ്റെടുത്ത ശേഷമാകും പള്ളി ആരാധനയ്ക്ക് വിട്ടു നല്‍കുന്ന കാര്യം പരിഗണിക്കുക. മൃതസംസ്‌കാരങ്ങള്‍ക്ക് പള്ളിയില്‍ തടസമുണ്ടാക്കരുതെന്നും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.