ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയപള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഇതിനായി ജില്ലാ കളക്ടറെ കോടതി ചുമതലപ്പെടുത്തി. സുപ്രീംകോടതി വിധിയനുസരിച്ച്‌ പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് കാട്ടി ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

‘ക്രമസമാധാന പ്രശ്നമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേണം പള്ളി ഏറ്റെടുക്കാന്‍. കളക്ടറുടെ നടപടി തടസപ്പെടുത്താന്‍ വരുന്നവരെ അറസ്റ്റ് ചെയ്തു നീക്കണം. പള്ളിക്കുള്ളില്‍ തമ്ബടിച്ചവരെ പൂര്‍ണമായും ഒഴിപ്പിച്ച ശേഷമാകണം പള്ളി ഏറ്റെടുക്കേണ്ടത്. ഇതിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ അധികാരം കളക്ടര്‍ക്ക് ഉപയോഗിക്കാം. നിയമവാഴ്ച ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.’ – കോടതി ഉത്തരവില്‍ പറയുന്നു.