തൃശൂര്‍: ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന ഇടമാണ് കേരളമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ശക്തമായിരുന്നില്ലെങ്കില്‍, ഇതരസംസ്ഥാനങ്ങള്‍ക്ക് സമാനമായ സ്ഥിതിയില്‍ കേരളം മാറിയേനെ. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ‘പാസ്വേഡ് 2019-20’ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്ബ് സംസ്ഥാനതല ഉദ്ഘാടനവും അഴീക്കോട് സീതിസാഹിബ് ഹൈസ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മാണ ശിലാസ്ഥാപന കര്‍മവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ദേശീയ പ്രശസ്തിയില്‍ നില്‍ക്കുന്ന വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ ജീവനും സുരക്ഷയും അവതാളത്തിലായ സാഹചര്യത്തില്‍ അതിനൊരു ബദല്‍ മാതൃകയാണ് കേരളം. അത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ വിദ്യാലയത്തില്‍ നടന്ന ഒറ്റപ്പെട്ട സംഭവത്തെ മുന്‍ നിര്‍ത്തി വിദ്യാഭ്യാസ പ്രസ്ഥാനത്തെയും അധ്യാപകസമൂഹത്തെയും ഒന്നടങ്കം മാറ്റി നിര്‍ത്താനുള്ള വ്യാജ പ്രചരണമാണ് നടത്തുന്നത്. പൊതുവിദ്യാഭ്യാസ രംഗം ശക്തമായാല്‍ വര്‍ഗീയതയ്ക്ക് സമൂഹത്തില്‍ ഇടമുണ്ടാകില്ല. പള്ളി മിനാരങ്ങളിലൂടെയും വോട്ടര്‍ പട്ടികയിലൂടെയും വിദ്യാഭ്യാസ രംഗം ദുര്‍ബ്ബലമാക്കി മതാന്ധത വളര്‍ത്താന്‍ ചിലര്‍ രഹസ്യമായി നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം. നാടിന്റെ പരിച്ഛേദത്തില്‍ നിന്ന് സൗഹൃദം വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഇടങ്ങളാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍. അതത് സമുദായത്തില്‍ നിന്ന് കൂട്ടുകാരെ തെരഞ്ഞെടുക്കാനുള്ള പ്രവണതയില്‍ നിന്ന് കുട്ടികളെ നിരുത്സാഹപ്പെടുത്തണം. ബഹുസ്വരതയും മതനിരപേക്ഷതയും ചെറുപ്പത്തിലേ ആര്‍ജ്ജിക്കാന്‍ കഴിയുന്ന ഇടങ്ങളാണ് പൊതുവിദ്യാലയങ്ങള്‍. അവ അക്ഷരങ്ങളും അറിവും പകരുന്ന കേന്ദ്രങ്ങള്‍ മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.