ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഇന്ത്യന്‍ നഴ്‌സുമാരുടെ ജിഹ്വയായ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (INANY) പൊതുസമൂഹത്തിനായി കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ നടത്തുന്നു. ഫ്‌ളോറല്‍ പാര്‍ക്ക് 26 നോര്‍ത്ത് ടൈസന്‍ അവന്യൂവിലെ ടൈസന്‍ സെന്ററില്‍ ഡിസംബര്‍ 14-നു ശനിയാഴ്ച രാവിലെ 9 മുതല്‍ 12 വരെയാണ് ഹെല്‍ത്ത് ഫെയര്‍ നടക്കുക. ഫൊക്കാന, കെ.സി.എന്‍.എ എന്നീ സംഘടനകള്‍ ഹെല്‍ത്ത് ഫെയറിന്റെ സഹ നടത്തിപ്പുകാരാണ്.

ബ്ലഡ് പ്രഷര്‍, ഇ.കെ.ജി, ബോഡി മാസ് ഇന്‍ഡക്‌സ്, ഡയബെറ്റിക് സ്ക്രീനിംഗ്, ഹീമോഗ്ലോബിന്‍ എവണ്‍സി, ഡയബെറ്റിക് എഡ്യൂക്കേഷന്‍, കാര്‍ഡിയോ- പള്‍മണറി റിസസിറ്റേഷന്‍ (സി.പി.ആര്‍) പരിശീലനം, ഇമോഷണല്‍ വെല്‍ബീയിംഗ് ആന്‍ഡ് സ്‌ട്രെസ് മാനേജ്‌മെന്റ്, മെഡിക്കെയ്ഡ് -മെഡി കെയര്‍ ബെനഫിറ്റ്‌സ് വിവരണം, ഇമ്യൂണൈസേഷന്‍ വിവരങ്ങള്‍ തുടങ്ങിയ ആരോഗ്യ പരിപോഷണ – ആരോഗ്യ പരിപാലന സംബന്ധമായ കാര്യങ്ങളാണ് ഹെല്‍ത്ത് ഫെയറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വിദഗ്ധ കാര്‍ഡിയോളജിസ്റ്റ്, അതാത് മേഖലകളില് വൈദഗ്ധ്യം നേടിയിട്ടുള്ള നഴ്‌സ് പ്രാക്ടീഷണര്‍മാര്‍, പരിചയസമ്പന്നരായ നഴ്‌സുമാര്‍ എന്നിവര്‍ ഹെല്‍ത്ത് ഫെയറില്‍ സംബന്ധിക്കുന്നവരുമായി ഇടപെടും. വ്യക്തിളുടേയും കുടുംബങ്ങളുടേയും സമൂഹത്തിന്റേയും ക്ഷേമമാണ് ഈ സൗജന്യ പരിപാടിയിലൂടെ സംഘാടകര്‍ ഉദ്ദേശിക്കുന്നത്. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഹെല്‍ത്ത് ഫെയര്‍ ഒരുപോലെ ഉപകരിക്കുമെന്നു ഐ.എന്‍.എ.എന്‍.വൈയുടെ എഡ്യൂക്കേഷന്‍ കമ്മിറ്റി ചെയര്‍ ഡോ. അന്നാ ജോര്‍ജ് എടുത്തുപറഞ്ഞു.

ഹൃദ്രോഗാക്രമണത്തിനു ഏറ്റവും അധികം സാധ്യതയുള്ളവരാണ് ഇന്ത്യക്കാര്‍ അടങ്ങുന്ന ദക്ഷിണേന്ത്യക്കാര്‍. ആരോഗ്യത്തോടെയിരിക്കുന്ന ചെറുപ്പക്കാര്‍ പോലും ഹൃദയാഘാതത്തിനു അടിപ്പെടുന്നത് ദക്ഷിണേന്ത്യക്കാര്‍ക്കിടയില്‍ ഇന്ന് സാധാരണമാണ്. അമേരിക്കയിലെ സുഭിഷ്ട സംസ്കാരത്തില്‍ ഇന്ത്യക്കാര്‍ നേരിടുന്ന അപായ സാധ്യത ഇന്ത്യയിലേക്കാള്‍ കൂടുതലാണെന്ന വസ്തുത ആരോഗ്യാവബോധത്തിന്റെ ആവശ്യകതയെ കൂടുതല്‍ ഗൗരവരമാക്കുന്നു.

ഹെല്‍ത്ത് ഫെയറില്‍ പങ്കെടുക്കുന്നതിനും വിവരം മറ്റുള്ളവര്‍ക്ക് നല്‍കി പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നതിനും ഐ.എന്‍.എ.എന്‍.വൈ താത്പര്യപ്പെടുന്നു. പങ്കെടുക്കുന്നവര്‍ക്ക് ഹെല്‍ത്തി ഫുഡ് പാക്കറ്റും, കൊച്ചു സമ്മാനങ്ങളും ഒരുക്കുന്നുണ്ട്.

വിവരങ്ങള്‍ക്ക്: ഡോ. അന്നാ ജോര്‍ജ് (646 732 6143), താരാ ഷാജന്‍ (718 347 2324), ലൈസി അലക്‌സ് (845 268), ജെസ്സി ജെയിംസ് (516 603 2024).