വാഷിങ്ടന്‍: ഇന്ത്യയുടെ സോഫ്റ്റ്‌ലാന്‍ഡിങ് പദ്ധതിയെ തകര്‍ത്ത് ചന്ദ്രയാന്‍ 2 ദൗത്യത്തിനിടെ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയിട്ട് മൂന്ന് മാസം തികയുന്നതിനിടെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസയാണ് അറിയിച്ചത്. നാസയുടെ ചാന്ദ്രദൗത്യത്തിനായുള്ള ഒരു ഉപഗ്രഹമാണ് ലാന്‍ഡര്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് വിവരം.

ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) പകര്‍ത്തിയ ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രവും നാസ പുറത്തുവിട്ടിട്ടുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഏതാനും കിലോമീറ്ററുകള്‍ക്കുള്ളിലായി 24 ഓളം ഇടങ്ങളിലായാണ് അവശിഷ്ടങ്ങള്‍ കിടക്കുന്നത്. എല്‍ആര്‍ഒ സെപ്റ്റംബര്‍ മുതല്‍ പല പ്രാവശ്യം വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ മേഖലയ്ക്കു മുകളിലൂടെ സഞ്ചരിച്ചു ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നെങ്കിലും ലാന്‍ഡറിനെപ്പറ്റി വിശദമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് വേഗ നിയന്ത്രണത്തിലുണ്ടായ തകരാറാണ് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങാന്‍ കാരണമായതെന്ന് ഐഎസ്‌ആര്‍ഒ പറഞ്ഞിരുന്നു. പിന്നീട് വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിഴലുകള്‍ക്കിടയില്‍ വീണതിനാലാണ് ലാന്‍ഡറിന്റെ ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതെന്ന് നാസയും വിലയിരുത്തിയിരുന്നു.

2019 ജൂലൈ 22നാണ് ജിഎസ്‌എല്‍വി എംകെ 3-എം1 റോക്കറ്റില്‍ ചാന്ദ്രയാന്‍ 2 പേടകം വിക്ഷേപിച്ചത്. ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചു. സെപ്റ്റംബര്‍ 2ന് ഓര്‍ബിറ്ററില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെട്ടു. സെപ്റ്റംബര്‍ 7നു പുലര്‍ച്ചെ 1.55 നായിരുന്നു സോഫ്റ്റ് ലാന്‍ഡിങ് പ്രതീക്ഷിച്ചിരുന്നത്. സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിന്റെ അവസാനഘട്ടത്തില്‍ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം ഓര്‍ബിറ്ററിനു നഷ്ടപ്പെട്ടത്.

ലാന്‍ഡിങ് സമയത്തു പേടകത്തിന്റെ വേഗത പ്രതീക്ഷിച്ചതിലും കുറഞ്ഞതാണു തിരിച്ചടിയായത്. തുടര്‍ന്ന് സോഫ്റ്റ് ലാന്‍ഡിങ് സാധിക്കാതെ പേടകം ഇടിച്ചിറങ്ങുകയായിരുന്നു. ഈ ആഘാതത്തില്‍ യന്ത്രസംവിധാനം തകര്‍ന്നു. ഇതോടെ ഓര്‍ബിറ്ററുമായി ബന്ധം പൂര്‍ണമായും അറ്റുപോകുകയും ചെയ്തു.