ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ നിലച്ചത് തന്നെയാണ്. പിന്നെ തിരികെ ജീവന്‍ നല്‍കുന്ന പ്രവൃത്തി നടപ്പില്ലാത്ത കാര്യമായിരുന്നു ഇതുവരെ. എന്നാല്‍ ഡോക്ടര്‍മാര്‍ ആ പതിവിനും ഒരു വിപരീതം സൃഷ്ടിക്കുകയാണ്. യുഎസിലെ ഡോക്ടര്‍മാരാണ് ആദ്യമായി മരിച്ച ഹൃദയത്തിന് ജീവന്‍ നല്‍കിയതിന് പുറമെ മറ്റൊരാളിലേക്ക് ഇത് വെച്ചുപിടിപ്പിക്കുന്നതിലും വിജയിച്ചത്. ഡ്യൂക് യൂണിവേഴ്‌സിറ്റി സര്‍ജന്‍മാര്‍ മരിച്ച ദാതാവിന്റെ ഹൃദയമാണ് അവയവ ദാനത്തിനായി പുറത്തെടുത്തത്.

ശരീരത്തിലേക്ക് രക്തം ഒഴുക്കുന്ന പ്രവൃത്തി അവസാനിപ്പിച്ച ഹൃദയത്തിന് ജീവന്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ നൂതനമായ തന്ത്രമാണ് പ്രയോഗിച്ചത്. ചരിത്രപരമായ ഈ ദൗത്യത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ സര്‍ജന്‍മാര്‍ പങ്കുവെച്ചിട്ടുണ്ട്. ജീവന്‍ തിരിച്ചുകിട്ടിയ ഹൃദയമാണ് സ്വീകര്‍ത്താവിലേക്ക് വിജയകരമായി വെച്ചുപിടിപ്പിച്ചത്. ശരീരത്തിന് പുറത്ത് അവയവത്തെ ജീവനോടെ നിര്‍ത്താനുള്ള സമയമാണ് ഡോക്ടര്‍മാര്‍ ഇതുവഴി നേടിയത്.

1967ല്‍ സൗത്ത് ആഫ്രിക്കയിലാണ് ആദ്യമായി മനുഷ്യ ഹൃദയം ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നത്. ഒരു വര്‍ഷത്തിന് ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഡോക്ടര്‍മാര്‍ യുഎസില്‍ ആദ്യമായി ട്രാന്‍സ്പ്ലാന്റ് നടത്തി. ഹൃദയം മാറ്റിവെയ്ക്കല്‍ ഒരു സാധാരണ പ്രക്രിയയായി മാറിയെങ്കിലും അവയവങ്ങള്‍ ആവശ്യത്തിന് ലഭിക്കാതെ വരുന്നത് ഇതിന് പ്രധാന തടസ്സമാണ്. ഹൃദയത്തിന് പുറമെ കരള്‍, ശ്വാസകോശം, കിഡ്‌നി എന്നിവയാണ് പ്രധാനമായും മാറ്റിവെയ്ക്കപ്പെടുന്ന അവയവങ്ങള്‍.

മരിച്ച ഏതൊരു വ്യക്തിയില്‍ നിന്നും നീക്കം ചെയ്യുന്ന ഹൃദയത്തിലേക്ക് ട്യൂബുകള്‍ വഴി രക്തവും, ഓക്‌സിജനും, ഇലക്‌ട്രോലൈറ്റുകളും നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഹൃദയത്തിന്റെ മസിലുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇത് വീണ്ടും മിടിച്ചുതുടങ്ങും. ഈ നടപടിക്രമം വഴി കൂടുതല്‍ രോഗികള്‍ക്ക് ഹൃദയം ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.