വാഷിംഗ്ടണ്‍: യുഎസിലെ ടെന്നസിയില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ജൂഡി സ്റ്റാന്‍ലി (23), വൈഭവ് ഗോപി ഷെട്ടി (26) എന്നിവരാണ് മരിച്ചത്. ടെന്നസി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അഗ്രികള്‍ചര്‍ കോളജില്‍ ഫുഡ് സയന്‍സ് ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും.
സൗത്ത് നാഷ്വില്ലെയില്‍ നവംബര്‍ 28 ന് രാത്രിയിലായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറില്‍ പിക്അപ് ട്രക്ക് ഇടിച്ചായിരുന്നു അപകടം. ട്രക്കിന്റെ ഉടമ ഡേവിഡ് ടോറസ് (26) പോലീസില്‍ കീഴടങ്ങി. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇയാള്‍ കീഴടങ്ങുകയായിരുന്നു. അമിത വേഗതയിലായിരുന്ന പിക്അപ് കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.