വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ മക്കളെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടു നല്‍കിയ സംഭവത്തില്‍ അമ്മയ്ക്ക് താല്‍കാലിക ജോലി നല്‍കുമെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍. പണിപൂര്‍ത്തിയായ ഫ്ലാറ്റ് അടിയന്തരമായി ഇവര്‍ക്ക് നല്‍കുമെന്നും മേയര്‍ വ്യക്തമാക്കി. കൈതമുക്കില്‍ റെയില്‍വെ പുറമ്ബോക്കില്‍ താമസിക്കുന്ന സ്ത്രീ ആറു മക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വാര്‍ത്ത പുറത്തു വന്നിരുന്നു. തൊട്ടുപിന്നാലെയാണ് മേയര്‍ കെ. ശ്രീകുമാര്‍ ഇവരുടെ വീട് സന്ദര്‍ശിക്കുകയും ജോലി നല്‍കുമെന്ന പ്രഖ്യാപനം നടത്തുകയും ചെയ്തത്.

ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടു നല്‍കിയ കുട്ടികളുടെ വിദ്യാഭ്യാസം നഗരസഭ ഏറ്റെടുക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. വിശപ്പ് സഹിക്കാന്‍ കഴിയാതെ കുട്ടികളില്‍ ഒരാള്‍ മണ്ണുതിന്ന് വിശപ്പടക്കിയകാര്യം ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്.