തിരുവനന്തപുരം: മമ്മൂട്ടി നായകനായെത്തുന്ന മലയാളത്തിന്റെ മെഗാപ്രൊജക്ടായ മാമാങ്കം സിനിമയില്‍ വന്‍ ട്വിസ്റ്റ്. സിനിമ പുറത്തിറങ്ങും മുന്നേ, നോവല്‍ പുറത്തിറക്കി മുന്‍ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ള പകരം വീട്ടി. അടുത്തയാഴ്ചയാണ് സിനിമയുടെ റിലീസ്. അതിനു മുന്നേ മാമാങ്കം എന്ന പേരില്‍ സിനിമയുടെ കഥ നോവല്‍ ആയി സജീവ് പ്രസിദ്ധീകരിച്ചു. സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കവേയാണ് ചാവേറായി സിനിമയില്‍ നിന്നു പുറത്തു പോയി കേസില്‍ അകപ്പെട്ട മുന്‍ സംവിധായകന്റെ തിരിച്ചടി. ഡി.സി ബുക്‌സ് ആണ് പ്രസാധകര്‍. നോവല്‍ പുറത്തിറക്കിയിട്ട് രണ്ടു ദിവസമായി എന്ന് സജീവ് പിള്ള ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

പന്ത്രണ്ട് വര്‍ഷമെടുത്ത് സജീവ് പിള്ള പൂര്‍ത്തിയാക്കിയ മാമാങ്കത്തിന്റെ തിരക്കഥ ഒരു വന്‍ ചതിയിലൂടെ നഷ്ടപ്പെടുകയായിരുന്നുവെന്നാണ് ആരോപണം. ചിത്രത്തിന്റെ തിരക്കഥ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ്. അങ്ങനെ സ്വന്തം സിനിമയായ മാമാങ്കത്തില്‍ നിന്ന് സജീവിന് കണ്ണീരോടെ ഇറങ്ങേണ്ടി വന്നതിന്റെ മധുരപ്രതികാരമാണ് ഇപ്പോഴത്തേത്. സിനിമ സംഘടനകളും മാധ്യമങ്ങളും പണക്കാരനായ നിര്‍മ്മാതാവിന്റെ പിന്നാലെ പാഞ്ഞപ്പോള്‍ പാവം സജീവ് പിള്ള വഴിയാധാരമായി. അറിയാതെ ഒപ്പിട്ടു പോയ എഗ്രിമെന്റിന്റെ പേരില്‍ കോടതികളും കൈവിട്ടപ്പോഴാണ് ഒരു ചാവേറിന്റെ ശൗര്യത്തോടെയുള്ള സജീവ് പിള്ളയുടെ തിരിച്ചു വരവ്.

അണിയറപ്രവര്‍ത്തകര്‍ വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന സിനിമയുടെ കഥ പുറത്തായതോടെ സസ്‌പെന്‍സ് നഷ്ടപ്പെട്ട മാമാങ്കം സിനിമയുടെ ഭാവിയെ ആശങ്കയോടെയാണ് സിനിമാപ്രേമികളും കാണുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരുമുള്‍പ്പെടെ സജീവിന് പിന്തുണയര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഡി.സി ബുക്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ ശാഖകളിലെ മുഴുവന്‍ ബുക്കുകളും വിറ്റു തീര്‍ന്നതായാണ് റിപ്പോര്‍ട്ട്. സിനിമ പുറത്തിറങ്ങുന്നതോടെ കൂടുതല്‍ പതിപ്പുകള്‍ വിപണിയിലെത്തിക്കാനാണ് പ്രസാധകരുടെ നീക്കം.