തിരുവനന്തപുരം: വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള പരിശോധനകള്‍ ഒഴിവാക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. കള്ളക്കടത്ത്, അനധികൃതമായി പണംകൈമാറല്‍, മയക്ക് മരുന്ന് കടത്ത്, ആയുധ കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ മാത്രമെ വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന പാടുള്ളുവെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്.

അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്ബോഴും വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്താവുന്നതാണ്. ഇന്‍സ്പെക്ടര്‍ റാങ്കിലോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമെ കഴിയുന്നതും വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കാവു. അപകടങ്ങളടക്കം ഹൈവേ ട്രാഫിക് സംബന്ധമായ കാര്യങ്ങള്‍ നോക്കേണ്ടത് അതാത് പ്രദേശത്തെ ഹൈവെ പോലീസ് വാഹനങ്ങള്‍ക്കാണെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ചില ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ ട്രാഫിക് കുറ്റകൃത്യങ്ങളുടേയും വാഹന പരിശോധനയുടേയും ചിത്രങ്ങളും വീഡിയോയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ചിത്രീകരിക്കുന്നുണ്ട്. ഈ സംവിധാനം സംസ്ഥാനം ഒട്ടാകെ വ്യാപിപ്പിക്കണം. നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച പ്രകാരം വാഹന പരിശോധന നടത്തണമെന്നും ഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.