ന്യൂഡല്‍ഹി: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറായ 26കാരിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന ക്രൂരതയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രിരാജ്നാഥ് സിങ്. ലോക്സഭയില്‍ അംഗങ്ങള്‍ ഉയര്‍ത്തിയ ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ ക്രൂരതയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളോടും തുറന്ന മനസാണുള്ളത്. പാര്‍ലമെന്‍റില്‍ ഇത് സംബന്ധിച്ച്‌ എല്ലാവരും പങ്കെടുക്കുന്ന ചര്‍ച്ച നടത്തണം. ആവശ്യമെങ്കില്‍ പുതിയ നിയമനിര്‍മാണം നടത്തണമെന്നും രാജ്നാഥ് പറഞ്ഞു.

രാജ്യത്തിന് തന്നെ അപമാനമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍. ഏറ്റവും ശക്തമായ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ് -അദ്ദേഹം പറഞ്ഞു.

നേരത്തെ, നിരവധി എം.പിമാര്‍ തെലങ്കാന വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. പ്രതികളെ ജനങ്ങള്‍ക്ക് ശിക്ഷിക്കാനായി വിട്ടുനല്‍കണമെന്ന് എസ്.പി നേതാവ് ജയാ ബച്ചന്‍ ലോക്സഭയില്‍ പറഞ്ഞിരുന്നു.