ആലുവ: കേരളത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ കൊലയും കവര്‍ച്ചയും വര്‍ധിച്ചു. പ്രതിസ്ഥാനത്ത് വരുന്നവരെല്ലാം കെട്ടിട നിര്‍മാണ ജോലികള്‍ക്കായി കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളാണ്. ഇതോടെ പൊലീസിനും നാട്ടുകാര്‍ക്കും ഒരു പോലെ തലവേദനയായ ഇവര്‍ കൂട്ടത്തോടെ കേരളം വിടുകയാണ്. ഇവര്‍ക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ സ്വദേശത്തേയ്ക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. . സാധാരണയിലും അധികം ആളുകളാണ് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നത്. അതേസമയം, ഇവര്‍ക്കൊപ്പം മാന്യമായി ജോലി ചെയ്യുന്നവര്‍ കൂടി മടങ്ങിയാല്‍ കേരളത്തിന്റെ നിര്‍മ്മാണ മേഖലകള്‍ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. ഇക്കാര്യത്തില്‍ പൊലീസും നാട്ടുകാരും ജാഗ്രതയോടെ പെരുമാറണമെന്നാണ് ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ ഉടമകള്‍ പറയുന്നത്

പെരുമ്ബാവൂരില്‍ മാത്രം അന്യസംസ്ഥാന തൊഴിലാളികള്‍ രണ്ട് യുവതികളെ സമാനമായ സാഹചര്യത്തില്‍ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം വ്യാപകമായത്. സംസ്ഥാനത്തേക്ക് ഏറ്റവും അധികം അന്യസംസ്ഥാന തൊഴിലാളികള്‍ വന്നിറങ്ങുന്നത് ആലുവ റെയില്‍വേ സ്റ്റേഷനിലാണ്. അതിനാല്‍ ഇവിടെ മടങ്ങിപ്പോകുന്നവരുടെയും വലിയ തിരക്കാണിപ്പോള്‍. ആലുവയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര ട്രെയിനുകളില്‍ എ.സി കമ്ബാര്‍ട്ട്മെന്റ് ഒഴികെ എല്ലാ കോച്ചുകളിലും വന്‍ തിരക്ക് കാരണം സാധാരണ യാത്രക്കാരും ദുരിതത്തിലാവുകയാണ്.

ഇന്നലെ എത്തിയ പ്രതിവാര ട്രെയിനായ തിരുവനന്തപുരം സില്‍ച്ചര്‍ എക്‌സ് പ്രസ് (12515) മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ കൂടുതല്‍ സമയം കിടന്ന ശേഷമാണ് പോകാനായത്. ജനറല്‍ കമ്ബാര്‍ട്ട്‌മെന്റ് നിറഞ്ഞതിനാല്‍ പലര്‍ക്കും കയറാനായില്ല. ബാക്കിയുള്ളവര്‍ വലിയ ലഗേജുകളുമായി റിസര്‍വേഷന്‍ കമ്ബാര്‍ട്ട്മെന്റില്‍ കയറാന്‍ ശ്രമിച്ചത് തര്‍ക്കത്തിടയാക്കി. ബംഗാള്‍, ആസാം സംസ്ഥാനങ്ങളിലേക്ക് പോകാനുള്ളവര്‍ ആശ്രയിക്കുന്ന ട്രെയിന്‍ ആണിത്. സ്ലീപ്പര്‍ കോച്ചുകള്‍ പലതും ജനറല്‍ കോച്ചുകള്‍ പോലെ നിറഞ്ഞാണ് പുറപ്പെട്ടത്.