ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അനുമതി വൈകിപ്പിക്കുന്നു എന്ന് ആരോപിച്ച്‌അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് എതിരെ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മരടിലെ ഫ്‌ളാറ്റ് ഉടമകളുടെ വിഷയം നിരവധി തവണ പരിഗണിച്ചത് ആണ്. വീണ്ടും ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കോടതിയെ സമീപിക്കുന്നത്കളിയാക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, തദ്ദേശ സ്വയംഭരണ സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്, എറണാകുളം മുന്‍ കളക്ടര്‍ മുഹമ്മദ് സഫറുള്ള തുടങ്ങി 8 പേര്‍ക്ക് എതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ ഫ്‌ളാറ്റ് ഉടമകള്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ കെ കെ വേണുഗോപാല്‍ ഈ ആവശ്യം അംഗീകരിക്കുകയോ, നിരാകരിക്കുകയോ ചെയ്യുന്നില്ല എന്ന് ഫ്‌ളാറ്റ് ഉടമകള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

കോടതി അലക്ഷ്യ നിയമത്തിലെ 15 ആം വകുപ്പ് പ്രകാരം അനുമതി നല്‍കാന്‍ അറ്റോര്‍ണി ജനറലിന് ബാധ്യത ഉണ്ട്. അറ്റോര്‍ണി ജനറലിന്റെ തീരുമാനം വൈകുന്നതിനിടെതങ്ങളുടെ ഫ്‌ളാറ്റുകള്‍ പൊളിച്ച്‌ നീക്കുകയാണ്‌. കോടതി ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിക്ക് അനുമതി നല്‍കാന്‍ അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിക്കണം എന്നും ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിലെ റിത ശശിധരന്‍, മെറീന ജോര്‍ജ്, എം എല്‍ ജോര്‍ജ് എന്നിവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല എന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും, സഞ്ജീവ് ഖന്നയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.