തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളില്‍ ഇന്ന് പൊലീസിന്റെ കര്‍ശന പരിശോധന . ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് ഇരട്ടിപ്പിഴ. മോട്ടര്‍വാഹന വകുപ്പും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇന്നലെ പിന്‍സീറ്റില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തവരെ താക്കീതു ചെയ്തു വിടുകയായിരുന്നു. എന്നാല്‍ ഇന്നു മുതല്‍ നടപടി ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു

ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചവര്‍ക്കെതിരെ ഇന്നലെയും 500 രൂപ പിഴ ഈടാക്കി. ഇന്നുമുതല്‍ ഹെല്‍മറ്റില്ലാത്ത 2 പേര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അതു രണ്ട് നിയമലംഘനമായി കണക്കാക്കുമെന്നും വാഹന ഉടമയില്‍ നിന്നാണു പിഴ ഈടാക്കുകയെന്നും മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

500 രൂപയാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴ നല്‍കണം. സ്ഥിരമായി ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും.

നാല് വയസ്സിനു മുകളിലുള്ള ഇരുചക്ര വാഹന യാത്രക്കാര്‍ ബിഐഎസ് അംഗീകൃത ഹെല്‍മറ്റ് ധരിക്കണമെന്നാണ് നിര്‍ദേശം. കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്. കാറില്‍ പിന്‍സീറ്റിലടക്കം സീറ്റ് ബല്‍റ്റ് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.