ന്യൂഡല്‍ഹി: നേതാക്കള്‍ക്ക് അബന്ധം പിണയുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ഇപ്പോള്‍ അങ്ങനെ അബന്ധം പിണഞ്ഞ ഒരു നേതാവിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. കോണ്‍ഗ്രസിന്റെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കോണ്‍ഗ്രസ് നേതാവിന് അബദ്ധം പിണഞ്ഞത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് പകരം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് സിന്ദാബാദ് വിളിച്ചാണ് പ്രാദേശിക നേതാവ് സുരേന്ദര്‍കുമാര്‍ ഇപ്പോള്‍ ട്രോളുകള്‍ക്ക് ഇരയായിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

‘സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്’എന്നിങ്ങനെ വിളിക്കുകയും പ്രവര്‍ത്തകര്‍ അത് ഏറ്റുവിളിക്കുകയും ചെയ്തു. അടുത്ത പേരിലാണ് പണിപാളിയത്. ‘പ്രിയങ്ക ഗാന്ധി സിന്ദാബാദ്’ എന്നതിനു പകരം ‘പ്രിയങ്ക ചോപ്ര സിന്ദാബാദ്’ എന്നാണ് നേതാവ് മുദ്രാവാക്യം മുഴക്കിയത്.

അപ്രതീക്ഷിതമായ നാവു പിഴയില്‍തൊട്ടടുത്തു നിന്ന കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര കുമാര്‍ ഞെട്ടുന്നതും മുദ്രാവാക്യം വിളിക്കുന്ന നേതാവിനെ നോക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പ്രിയങ്ക ചോപ്രയുടെ പേരില്‍ തെറ്റി വിളിച്ച മുദ്രാവാക്യം അണികളില്‍ പലരും കണ്ണുംപൂട്ടി ഏറ്റുവിളിക്കുന്നുമുണ്ട്. അബദ്ധം സുഭാഷ് ചോപ്ര ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സുരേന്ദര്‍ കുമാര്‍ മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ വീഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ ട്രോളുകളുമായി നിരവധി പേര്‍ രംഗത്തെത്തി. പ്രിയങ്കാ ചോപ്ര എന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്, രാഹുല്‍ ഗാന്ധിക്ക് പകരം രാഹുല്‍ ബജാജ് എന്നു പറഞ്ഞില്ലല്ലോ..എന്നൊക്കെയിയിരുന്നു പരിഹാസം.

കോണ്‍ഗ്രസിന്റെ ഡല്‍ഹി ചീഫ് സുഭാഷ് ചോപ്രയടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. ഇതാണോ പ്രിയങ്കയ്‌ക്കൊപ്പം ചോപ്ര കയറിവരാന്‍ ഇടയാക്കിയതെന്നും ട്രോളന്മാരില്‍ ചിലര്‍ സംശയിക്കുന്നു.