കൊച്ചി: യുവ നടന്‍ ഷെയിന്‍ നിഗമിന്റെ പ്രശ്‌നം പുറത്ത് വന്നതോടെയാണ് സിനിമാ സെറ്റിലെ പല താരങ്ങളുടേയും, പിന്നണി പ്രവര്‍ത്തകരുടേയും യഥാര്‍ത്ഥ മുഖം പുറം ലോകം അറിയുന്നത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് ആ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ പ്രശ്‌നം അതല്ല. നിര്‍മ്മാതാക്കളടക്കം ഈ നഗ്ന സത്യം തുറന്നു പറഞ്ഞിട്ടും യാതൊരു അന്വേഷണത്തിനും പരിശോധനയക്കും എക്‌സൈസ് വകുപ്പ് നീങ്ങുന്നില്ല എന്നതാണ്. പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതാണ് ഇതിന് കാരണം എന്നാണ് അറിയുന്നത്. ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചാല്‍ പരിശോധന നടത്താമെന്നിടത്താണ് എക്‌സൈസിന്റെ ഒഴിഞ്ഞുമാറല്‍.

എന്നാല്‍ നായകനടന്മാര്‍ മുതല്‍ നായികമാര്‍ വരെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പറഞ്ഞിട്ടുപോലും എക്‌സൈസ് വകുപ്പ് അറിഞ്ഞഭാവം പോലും നടിക്കുന്നില്ല. രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ തന്നെ പറഞ്ഞതാണ് എക്‌സൈസ് വകുപ്പിനെ പിന്തിരിപ്പിക്കുന്നത്. കൃത്യമായ പരാതിയില്ലാതെ ചാടിപ്പുറപ്പെട്ട് പരിശോധന നടത്തി ഇളിഭ്യരാകാനില്ലെന്ന നിലപാടാണ് എക്‌സൈസ് ഉന്നതര്‍ക്ക്. ഫോണ്‍ വഴി ലഭിക്കുന്ന വിവരം പിന്തുടര്‍ന്നുപോലും പരിശോധനയ്ക്ക് പുറപ്പെടുന്ന എക്‌സൈസിന്റെ ഇപ്പോഴത്തെ നിലപാട് ശരിയല്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ലഹരിമരുന്ന് ഉപയോഗം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പൊലീസിനെ അറിയിക്കാത്ത നിര്‍മാതാക്കളുടെ നിലപാടും തെറ്റാണെന്ന് ജേക്കബ് പുന്നൂസ് ചൂണ്ടിക്കാണിച്ചു. അപ്പോള്‍ തന്നെ പ്രശ്‌നം നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ മറ്റൊരു സാഹചര്യത്തില്‍ പറയുന്നതിന് പിന്നലെ ഉദ്ദേശശുദ്ധി ഇതോടെ സംശയത്തിലായി.