തൃശ്ശൂര്‍: നടി മഞ്ജു വാരിയരുടെ പരാതിയില്‍ തെളിവെടുപ്പിനായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എത്തിയില്ല. ഞായറാഴ്‌ച ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് പോലീസാണ് കേസ് അന്വേഷിക്കുന്നത്. അസിസ്റ്റന്റ് കമ്മിഷണര്‍ സി.ഡി. ശ്രീനിവാസനാണ് അന്വേഷണച്ചുമതല.
ശ്രീകുമാര്‍ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. സ്ഥലത്തില്ലാതിരുന്ന ശ്രീകുമാര്‍ മേനോനോട് ഞായറാഴ്‌ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, അദ്ദേഹം എത്തിയില്ലെന്നും, അതിനുള്ള കാരണത്തെപ്പറ്റി വിശദീകരണം നല്‍കിയിട്ടില്ലെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തിരിക്കുന്നത്.