ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു. മേട്ടുപാളയത്ത് കനത്ത മഴയെ തുടര്‍ന്ന് നാടൂര്‍ ഗ്രാമത്തില്‍ വീടുകള്‍ക്ക് മേല്‍ മതില്‍ ഇടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളുമുള്‍പെടെ 15 പേര്‍ മരിച്ചു. നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. അവശിഷ്ടങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. രണ്ട് ദിവസത്തിനിടെ തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 16 ആയി.

ഇന്നും നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചെന്നൈയില്‍, ഭേദപ്പെട്ടതു മുതല്‍ നേരിയ മഴയ്ക്കു വരെ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. രാമനാഥപുരം, തിരുനല്‍വേലി, തൂത്തുക്കുടി, വെല്ലൂര്‍, തിരുവള്ളൂര്‍, തിരുവണ്ണാമലൈ, ചെങ്കല്‍പേട്ട് ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തൂത്തൂക്കുടി, പുതുച്ചേരി എന്നിവിടങ്ങളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൂത്തുക്കൂടി, കടലൂര്‍ ജില്ലകളില്‍ നൂറു കണക്കിനു പേരെ താല്‍ക്കാലിക ക്യാംപുകളിലേക്കു മാറ്റി.

ചെന്നൈയിലെ അമ്ബത്തൂരില്‍ വെള്ളം നിറഞ്ഞ അഴുക്കുചാലിലേക്ക് വീണ് പരുക്കേറ്റ ഒരാള്‍ മരിച്ചു. അമ്ബത്തൂരില്‍ താമസിക്കുന്ന ഷെയ്ഖ് അലി (46) ആണ് മരിച്ചത്. പുതുക്കോട്ട സ്വദേശി കന്തസാമി (50), തഞ്ചാവൂര്‍ മൂന്‍ട്രാം സേതി സ്വദേശി ദുരൈകണ്ണ് (70), തിരുവാരൂര്‍ പറവക്കോട്ട സ്വദേശി രവിചന്ദ്രന്‍ (50), അരിയാലൂര്‍ സ്വദേശി പൂങ്കോതൈ (50) എന്നിവരാണ് കഴിഞ്ഞ ദിവസം മഴക്കെടുതിയില്‍ മരണമടഞ്ഞ മറ്റുള്ളവര്‍.