ന്യൂയോര്‍ക്ക്•2017-ല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഭൂഗര്‍ഭ റെയില്‍‌വേ സ്റ്റേഷനില്‍ പൈപ്പ് ബോംബ് സ്ഫോടനം നടത്താന്‍ ശ്രമിച്ച ബംഗ്ലാദേശുകാരന്റെ കുടുംബാംഗങ്ങള്‍ നാടു കടത്തല്‍ ഭീഷണിയില്‍. അവരില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഗ്രീന്‍ കാര്‍ഡ് ഉള്ളവരാണ്. ഗ്രീന്‍ കാര്‍ഡ് കൈവശമുള്ള കുടുംബത്തിലെ നിരവധി അംഗങ്ങള്‍ പറയുന്നത് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്‍റെ ഭരണകൂടവും മുസ്ലീങ്ങള്‍ക്ക് ‘കൂട്ടായ ശിക്ഷ’ നല്‍കുന്നതിന്റെ ഭാഗമാണ് ഈ നാടുകടത്തല്‍ എന്നാണ്. ഇത് അന്യായമാണെന്നും അവര്‍ പറയുന്നു.

ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഉല്ലാഹ് കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് നാടുകടത്തല്‍ ഭീഷണിയില്‍. തങ്ങള്‍ ഒരിക്കലും ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും നിയമപരമായി ബംഗ്ലാദേശില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണെന്നും, എന്നാല്‍ കുടുംബത്തിലെ മറ്റൊരു അംഗമായ അകയ്ദ് ഉല്ലാഹ് 2017 ല്‍ നിരവധി ഭീകരവാദ കുറ്റങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായതായും പറയുന്നു.

28 കാരനായ അകയ്ദ്, വീട്ടില്‍ പൈപ്പ് ബോംബ് നിര്‍മ്മിക്കുകയും അതേ വര്‍ഷം ഡിസംബറില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ തിരക്കേറിയ ഭൂഗര്‍ഭ റെയില്‍‌വേ സ്റ്റേഷനില്‍ സ്ഫോടനം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, സ്ഫോടനം പരാജയപ്പെടുകയും, അകയ്ദിന് പരിക്കേല്‍ക്കുകയും ചെയ്തു. അസമയത്തുണ്ടായ സ്ഫോടനത്തില്‍ കൈയ്യിലും അടിവയറ്റിലും ചെറിയ പൊള്ളലേറ്റു. യുഎസ് നീതിന്യായ വകുപ്പിന്‍റെ കണക്കനുസരിച്ച്‌ കഴിഞ്ഞ വര്‍ഷം കുറ്റം സ്ഥിരീകരിക്കുകയും 2020 ഫെബ്രുവരിയില്‍ ശിക്ഷ വിധിക്കുകയും ചെയ്യും. ജീവപര്യന്തം തടവാണ് ശിക്ഷ.

ഈ ആക്രമണ ശ്രമവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും, കുടുംബാംഗങ്ങള്‍ ഏതെങ്കിലും തെറ്റ് ചെയ്തതായി തെളിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

എന്നിരുന്നാലും, ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് സ്ക്വാഡ് കാറുകള്‍ തങ്ങള്‍ പോകുന്നിടത്തെല്ലാം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയെന്നും എഫ്ബിഐ അവരുടെ ബാങ്ക് അക്കൗണ്ടുകളും ബിസിനസ്സ് ലൈസന്‍സുകളും തടഞ്ഞുവച്ചിരിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.

അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ ആദ്യത്തെ അംഗങ്ങളില്‍ ഒരാളായ 32-കാരനായ അഹ്സാന്‍ ഉല്ലാഹിന് പൗരത്വം ലഭിച്ച ശേഷം 2019 ഏപ്രിലില്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗഷ്രേന്‍ സര്‍വീസസില്‍ (യുഎസ്‌സി‌ഐ‌എസ്) നിന്ന് തന്റെ പൗരത്വം റദ്ദാക്കാന്‍ തീരുമാനിച്ചതായി അറിയിപ്പ് ലഭിച്ചിരുന്നു. പൗരത്വം നിയമപരമായല്ല ലഭിച്ചതെന്നാണ് കാരണം പറഞ്ഞിരിക്കുന്നതെന്ന് അഹ്സാന്‍ പറയുന്നു.

അഹ്‌സാന്‍ ഉല്ലാഹിനെ കഴിഞ്ഞ മാസം ന്യൂജേഴ്സിയിലെ കെര്‍നിയിലുള്ള ഇമിഗഷ്രേന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് (ഐസിഇ) നാലാഴ്ച തടങ്കലില്‍ വെച്ചിരുന്നു.

‘എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ അമേരിക്കയിലുണ്ട്. എന്‍റെ സ്കൂള്‍ ഇവിടെയുണ്ട്, എന്‍റെ കോളേജ് ഇവിടെയുണ്ട്, എന്‍റെ കുടുംബം ഇവിടെയുണ്ട്, എന്‍റെ ബിസിനസ്സ് ഇവിടെയുണ്ട്, എന്‍റെ സുഹൃത്തുക്കള്‍ ഇവിടെയുണ്ട്, എന്‍റെ കരിയര്‍ ഇവിടെയുണ്ട്,’ അദ്ദേഹം പറഞ്ഞു. ‘എന്‍റെ എല്ലാം ഇവിടെയാണ്.’

‘ഞാന്‍ എന്‍റെ നികുതി അടയ്ക്കുന്നു, ഞാന്‍ ഒരിക്കലും തെറ്റ് ചെയ്തിട്ടില്ല, ഒരു മാതൃകാ പൗരനാകാനാണ് ഞാന്‍ ശ്രമിക്കുന്നത്, പിന്നെ എന്തിന് എന്നെ തടങ്കലില്‍ വെയ്ക്കണം?’ അദ്ദേഹം ചോദിക്കുന്നു.

ഒരാള്‍ കുറ്റം ചെയ്തതിന് എന്തിനാണ് കുടുംബത്തെ മുഴുവന്‍ ശിക്ഷിക്കുന്നത്? ഭീകരത ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയുടെ അതേ ഡിഎന്‍എ പങ്കിട്ടതിനുള്ള പ്രതികാരമാണിത്. അഹ്സാന്‍ പറയുന്നു.

അഹ്സാന്‍റെ കുടുംബാംഗങ്ങള്‍ക്ക് ആഭ്യന്തര സുരക്ഷാ വകുപ്പില്‍ നിന്ന് (ഡിഎച്ച്‌എസ്) അവരുടെ ഗ്രീന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്യുമെന്ന അറിയിപ്പുകള്‍ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. നവംബര്‍ ആറിന് അഹ്സന്‍റെ അമ്മയെയും സഹോദരിയെയും രണ്ട് ദിവസത്തേക്ക് ഡി‌എച്ച്‌എസ് കസ്റ്റഡിയിലെടുത്തിരുന്നു.

‘ഇത്രയും കാലം കൊണ്ട് ഞങ്ങള്‍ ഈ രാജ്യവുമായി മാനസികമായും ശാരീരികമായും അടുത്തു കഴിഞ്ഞു, ഈ രാജ്യത്തെ വളരെയധികം സ്നേഹിക്കുന്നു,’ അഹ്സന്‍റെ 22 കാരിയായ സഹോദരി അഫിയ ഉല്ലാഹ് അവര്‍ പറഞ്ഞു. ‘ അങ്ങനെയുള്ള ഒരു വ്യക്തിയെ നിങ്ങള്‍ക്ക് എങ്ങനെ തിരസ്ക്കരിക്കാന്‍ കഴിയും?’ അവര്‍ ചോദിക്കുന്നു.

കുടുംബത്തിനെതിരായ ആക്രമണം വര്‍ദ്ധിച്ചുവരുന്ന പ്രവണതയുടെ ഭാഗമാണെന്ന് അഭിഭാഷക ഗ്രൂപ്പായ ‘ദേശീസ് റൈസിംഗ് അപ്പ് ആന്‍ഡ് മൂവിംഗ്’ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫഹദ് അഹമ്മദ് പറഞ്ഞു.

യുഎസ് പൗരന്മാര്‍ കുറ്റകൃത്യങ്ങള്‍ ചെയ്താലും രാജ്യത്ത് എക്കാലത്തും ജീവിക്കാന്‍ അവകാശമുണ്ട്. ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ ഗ്രീന്‍ കാര്‍ഡ് സാധുതയുള്ളിടത്തോളം കാലം അമേരിക്കയില്‍ താമസിക്കാന്‍ അനുവാദമുണ്ട്. അവര്‍ നാടുകടത്തലിന് കാരണമായ കുറ്റകൃത്യങ്ങളൊന്നും ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തണം.