ഇതുവരെ വാദിച്ച മുഴുവന്‍ കൊലക്കേസുകളിലും പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുത്ത് നീതിക്കൊപ്പം ഉറച്ച്‌ നില്‍ക്കുകയാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിപി ഗീത. 2017 ജനുവരിയിലാണ് ആലപ്പുഴ അവലൂക്കുന്ന് സ്വദേശി പിപി ഗീത അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതയാകുന്നത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ശേഷം വാദിച്ച 9 കേസുകളിലും പ്രതികള്‍ക്ക് ജീവപരന്ത്യം ശിക്ഷയാണ് ഇവര്‍ ഉറപ്പുവരുത്തിയത്.

കേരളത്തില്‍ തന്നെ ഏറെ കോളിളക്കമുണ്ടാക്കിയ കണിച്ചുകുളങ്ങരമോഡലില്‍ ഒറ്റമശ്ശേരിയിലുണ്ടായ ഇരട്ടകൊലപാതകത്തിലും ഗീതയായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍. ഈ കേസില്‍ 5 പ്രതികള്‍ക്ക് ജീവപര്യന്തമാണ് ഗീതയുടെ വാദത്തിന്റെ ബലത്തില്‍ പ്രതികള്‍ക്ക് ലഭിച്ചത്. ഏറ്റവും ഒടുവിലായി ഗീത വാദിച്ച കേസിലും പ്രതിക്ക് ജീവപര്യന്തം ശിക്ഷയാണ് കിട്ടിയത്. വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ അമ്ബലപ്പുഴ സ്വദേശി സന്ദീപ് എന്ന സല്‍മാന് ജീവപര്യന്തം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

ഇതിന് മുന്‍പ് വാദിച്ച തൃക്കുന്നപ്പുഴ സുനില്‍കുമാര്‍ വധക്കേസില്‍ പ്രതികളായ സഹോദരന്‍മാര്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൈനകരി ജയപ്രകാശ് വധം, ചുങ്കം ഷാപ്പ് ജീവനക്കാരന്റെ കൊലപാതകം, അമ്ബലപ്പുഴ സ്വദേശി ഷാജിമോന്റെ കൊലപാതകം, പുളിങ്കുന്ന് സ്വദേശി സുരേഷിന്റെ കൊലപാതകം, ചേര്‍ത്തലയില്‍ മുരുകനെ കൊന്ന സംഭവം ഈ കേസിലെല്ലാം പ്രതികള്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. ഇവയിലെല്ലാം തന്നെ ഗീതയായിരുന്നു അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.