‘ആഹാരം മഹാദേഷജം’. ആഹാരത്തിന്റെ പോഷകശാസ്‌ത്രത്തില്‍ ശ്രദ്ധ കൊടുക്കാതിരിക്കുമ്ബോള്‍ രോഗങ്ങള്‍ ഉണ്ടാകുന്നു എന്ന തിരിച്ചറിവ് പ്രാചീനകാലം മുതലേ പ്രബലമായിരുന്നു. അതുകൊണ്ട് ആഹാരപാനീയങ്ങള്‍ പഥ്യവും ശുദ്ധവും കറകലരാത്തതുമാവണമെന്നതാണ് തത്വം. ആയുര്‍വേദത്തിലെ ‘അന്ദ സ്വരൂപ വിജ്‌ഞാന’ത്തില്‍ ആഹാരപദാര്‍ഥങ്ങളുടെ ഗുണമേന്മകളെയും ദോഷഫലങ്ങളെയും പറ്റി ആധികാരികമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. പഥ്യമായ ആഹാരവിഭവങ്ങളായാലും അവ അശാസ്‌ത്രീയമായി കൂടിച്ചേരുമ്ബോള്‍ അപഥ്യവും ശരീരത്തിലെ ഊര്‍ജനിര്‍മാണ പ്രക്രിയയ്‌ക്ക് ഹാനികരവുമായിത്തീരുന്നു. അപ്പോള്‍ വിരുദ്ധാഹാരങ്ങള്‍ ഏതൊക്കെയെന്ന് അറിയണം. പാശ്‌ചാത്യശൈലി അവലംബിച്ചുള്ള ‘ഫാസ്‌റ്റ് ഫുഡും’ ശീതളപാനീയങ്ങളും പലപ്പോഴും പരസ്‌പരം കൂടിക്കലര്‍ത്താന്‍ പാടില്ലാത്ത ഭക്ഷണഘടകങ്ങളുടെ ചേരുവകളായിത്തീരുന്നു.ഒരുകാലത്ത് പൂര്‍ണാരോഗ്യത്തിന്റെ ശുദ്ധ സ്രോതസായിരുന്ന നമ്മുടെ കേരളീയ പാരമ്ബര്യ ഭക്ഷണം ഇന്നെവിടെപ്പോയി? അന്ന് ലോകത്തിന്റെ ആരോഗ്യ ശ്രേണിയില്‍ തന്നെ സ്‌ഥാനം പിടിച്ചൂ ഈ കൊച്ചുകേരളത്തിന്റെ ആഹാരശൈലി. കേരളത്തിന്റേതായ സാമ്ബാറും അവിയലും തീയലും തോരനും പുഴുക്കും പുട്ടും ദോശയും ഇഡ്‌ഡലിയുമൊക്കെ പോഷക സമ്ബുഷ്‌ടങ്ങളായ വിഭവങ്ങളായിരുന്നു. സ്വന്തം പറമ്ബിലോ പാടത്തോ കൃഷി ചെയ്‌ത് വിഷം തളിക്കാതെ പറിച്ചെടുക്കുന്ന കായ്‌കനികള്‍ കേരളത്തെ രോഗാതുരതകളില്‍ നിന്ന് പരിരക്ഷിച്ചു. എന്നാല്‍, ഇന്ന് കേരളത്തിന്റെ സ്‌ഥിതി മാറിക്കഴിഞ്ഞു. ജീവിക്കാന്‍ പോയിട്ട് സമയത്ത് കൃത്യമായി ഭക്ഷണം കഴിക്കാന്‍ പോലും സമയം നഷ്‌ടപ്പെട്ട മലയാളി, അടങ്ങാത്ത വിപ്പ് ശമിപ്പിക്കാന്‍ കുറുക്കുവഴികള്‍ തേടിയലയുകയാണ് ചെയ്‌തത്. അങ്ങനെ സ്വന്തം പരിതസ്‌ഥിതിക്കും സാഹചര്യങ്ങള്‍ക്കും ശരീരഘടനാ സവിശേഷതകള്‍ക്കും ഇണങ്ങാത്ത വിദേശ ഭക്ഷണ ശൈലികളെ അന്ധമായി സ്വീകരിച്ചു. അതവന്റെ പചനയന്ത്രത്തെ തകിടം മറിക്കുകയാണ് ഉണ്ടായത്. മലയാളിയുടെ ഇടംവലം നോക്കാത്ത ഈ നെട്ടോട്ടത്തില്‍ അവനെ ഒരു നീരാളിയെപ്പോലെ ജീവിതശൈലീരോഗങ്ങള്‍ വാരിപ്പുണര്‍ന്നു. ഇന്നത്തെ മലയാളി, രക്ഷപ്പെടാനാവാത്തവിധം ഈ അശാസ്‌ത്രീയ ജീവിത- ഭക്ഷണ ശൈലികള്‍ക്ക് അടിമപ്പെട്ടു. ഈ അടിമത്തമാകട്ടെ അവനെ ഏറെ സങ്കീര്‍ണമായ ജീവിതശൈലീ രോഗങ്ങളില്‍ കൊണ്ടെത്തിച്ചു.
പല രോഗങ്ങളുടെയും പട്ടികയില്‍ ആഗോള തലസ്‌ഥാനമെന്ന ഓമനപ്പേര് കേരളത്തിന് സ്വന്തം. ലോക ശരാശരിയെടുത്താല്‍ ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതര്‍, ഹൃദ്‌രോഗികള്‍, മദ്യപാനികള്‍, മാംസഭോജികള്‍ ഉള്ള സംസ്‌ഥാനം എന്ന കുപ്രസിദ്ധി ലോകാരോഗ്യ സംഘടനയുടെ പ്രസ്‌താവനകളില്‍ പോലും പ്രകടമായി. ആത്മഹത്യാ കണക്കുകളും മാനസികരോഗങ്ങളും അര്‍ബുദബാധയുടെ സംഖ്യയും വികസിതരാജ്യങ്ങളോടൊപ്പമോ അതില്‍ കൂടുതലോ ആയി വര്‍ധിച്ചു.
പണ്ട് വയോധികരെ മാത്രം വേട്ടിയാടിയിരുന്ന ഹൃദ്‌രോഗം ഇന്ന് കേരളത്തിലെ ചെറുപ്പക്കാരിലേക്കും ഭീഷണമാംവിധം പടരുന്നു. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളിലെ സ്‌ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ ഹൃദ്‌രോഗം ഇന്ത്യയില്‍ വര്‍ധിച്ചത് ഏതാണ്ട് 300 ശതമാനമാണ്. ലോകത്തെ ഹൃദ്‌രോഗികളില്‍ 60 ശതമാനം ഇന്ത്യാക്കാരോ ഇന്ത്യന്‍ വംശജരോ ആയിരിക്കുമെന്ന മുന്നറിയിപ്പും വന്നുകഴിഞ്ഞു. വളരെ ചെറിയ പ്രായത്തില്‍ പോലും മലയാളിക്ക് ഹൃദയസ്‌തംഭനം ഉണ്ടാകുന്നു. 1995-നും 2025-നും ഇടയ്‌ക്കുള്ള കാലഘട്ടത്തില്‍ പ്രമേഹബാധിതരുടെ എണ്ണത്തിലുള്ള വര്‍ധന 170 ശതമാനമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രവചിച്ചുകഴിഞ്ഞു. 1995-ല്‍ 84 ദശലക്ഷമായിരുന്ന പ്രമേഹബാധിതര്‍ 2025 ആകുമ്ബോഴേക്ക് 22.8 കോടിയായി മാറും. ഇതില്‍ 76 ശതമാനവും വികസ്വര രാജ്യങ്ങളില്‍ തന്നെ. ഇന്ത്യയില്‍ പ്രമേഹ രോഗികള്‍ 1995-നും 2025-നുമിടയ്‌ക്ക് 195 ശതമാനമായി വര്‍ധിക്കും.
നമ്മുടെ കൊച്ചു കേരളത്തിലും പ്രമേഹമില്ലാത്തവരുണ്ടോയെന്ന ചോദ്യവും അസ്‌ഥാനത്തായി വരുന്നു. കേരളത്തില്‍ അമിത രക്‌തസമ്മര്‍ദമുള്ളവരുടെ സംഖ്യ 30 – 40 ശതമാനം വരെയുണ്ടെന്ന് ഈയടുത്തകാലത്ത് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സര്‍വെയില്‍ സ്‌ഥിരീകരിക്കപ്പെട്ടു. ഇന്ത്യയില്‍ ആകമാനമുള്ള പ്രഷര്‍ രോഗികളുടെ ശരാശരി സംഖ്യ 30 ശതമാനമാണ്. ഇതില്‍ 60 ശതമാനം പേര്‍ക്കും തങ്ങള്‍ പ്രഷര്‍ രോഗികളാണെന്ന അവബോധമില്ല.
50 ശതമാനം കൊളസ്‌ട്രോള്‍ രോഗികളുമായി കേരളം ഇന്ത്യയിലെ ‘കൊളസ്‌ട്രോള്‍ തലസ്‌ഥാന’മായി മാറിക്കഴിഞ്ഞെന്ന് 2013-ല്‍ കൊച്ചിയില്‍ നടന്ന ഒരു പഠനം തെളിയിക്കുന്നു. 40000 മലയാളികള്‍ പഠനവിധേയമായപ്പോള്‍ അതില്‍ 19940 പേരിലും (49.85 ശതമാനം) അമിത കൊളസ്‌ട്രോള്‍ കണ്ടു. പൊതുവായ കൊളസ്‌ട്രോളിന്റെ അപകട രേഖയായ 200 മില്ലിഗ്രാം ശതമാനത്തില്‍ കൂടുതലുള്ളവരാണ് 49.85 ശതമാനം മലയാളികളും. കുറഞ്ഞ കൊളസ്‌റ്ററോള്‍ അളവിന്റെ അടിസ്‌ഥാനത്തില്‍ സുരക്ഷിതരായ മലയാളികള്‍ 14.45 ശതമാനം പേര്‍ മാത്രം. 30 വയസ് കഴിഞ്ഞ പകുതി മലയാളികളും കൊളസ്‌റ്ററോള്‍ രോഗികളായി മാറുന്നുവെന്ന യാഥാര്‍ഥ്യം ആരോഗ്യ കേരളത്തെ എങ്ങോട്ടു നയിക്കും? ഒരുദിവസം 5000 ടണ്‍ മാംസം കഴിച്ചു തീര്‍ക്കുന്ന മലയാളികള്‍ ഇറച്ചിക്കൊതിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളുടെ മുമ്ബില്‍ മാത്രമല്ല, ലോകശരാശരിയുടെ മുന്‍പന്തിയിലും സ്‌ഥാനം പിടിക്കുന്നു.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍, ഗുരുതരമായി പടര്‍ന്നേറുന്ന ഒരു രോഗാതുരതയായി മുദ്ര കുത്തിയ പൊണ്ണത്തടിയുടെ കാര്യത്തിലും കേരളീയര്‍ അതിവേഗം മുമ്ബോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ള സ്‌കൂള്‍ കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ അമിത വണ്ണമുള്ളവരുടെ സംഖ്യ ശീഘ്രഗതിയില്‍ വര്‍ധിക്കുന്നതായി കണ്ടെത്തി. ജീവിതചര്യയിലും ഭക്ഷണശൈലിയിലും വ്യായാമ നിലവാരത്തിലുമുള്ള വികല മാറ്റങ്ങള്‍ ഇതിനു കാരണമായി കണക്കാക്കപ്പെടുന്നു. ആകെയുള്ള ചികിത്സാ ചെലവിന്റെ പത്തുശതമാനത്തിലധികം അമിത വണ്ണത്തോടനുബന്ധിച്ച രോഗാവസ്‌ഥകള്‍ക്കായിട്ടുള്ളതാണെന്ന വസ്‌തുത ആരോഗ്യപ്രവര്‍ത്തകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. വണ്ണം കുറയ്‌ക്കാനുള്ള ബാറിയാട്രിക് സര്‍ജറികളുടെ എണ്ണം കേരളത്തില്‍ കൂടുകയാണ്. രണ്ടുവര്‍ഷം മുമ്ബ് 30 ശസ്‌ത്രക്രിയകള്‍ നടത്തിയിരുന്ന സ്‌ഥാപനത്തില്‍ ഇപ്പോള്‍ അത് 60 ആയി ഉയര്‍ന്നു. രണ്ടുമുതല്‍ അഞ്ചുലക്ഷം വരെ രൂപ ചെലവുവരുന്ന ശസ്‌ത്രക്രിയകളാണിവയെന്നോര്‍ക്കണം. ചെറുപ്പക്കാരിലേക്കും കുട്ടികളിലേക്കും വരെ വണ്ണം കുറയ്‌ക്കുന്ന ഈ സര്‍ജറി വ്യാപിച്ചുകൊണ്ടിരിക്കുന്നു.
എന്തുകൊണ്ടാണ് കേരളീയര്‍ മഹാരോഗികളും മാറാരോഗികളുമായിത്തീരുന്നത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ജീവിത- ഭക്ഷണ ശൈലികളില്‍ സംഭവിച്ച പ്രതികൂലമായ മാറ്റങ്ങള്‍ തന്നെ. മലയാളികളുടെ പരമ്ബരാഗത ജീവിത ശൈലിയിലെ ഗുണമേന്മകളെ സൗകര്യപൂര്‍വം ഉപേക്ഷിച്ച് അനാരോഗ്യകരമായ ‘ന്യൂജെന്‍’ ശീലങ്ങള്‍ സ്വീകരിച്ചപ്പോള്‍ ആരോഗ്യ പരിപാലനത്തിന്റെ സന്തുലിതാവസ്‌ഥ താളം തെറ്റുക തന്നെ ചെയ്‌തു.
അര്‍ബുദബാധ വിഷലിപ്‌തമായ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നതിന്റെ പരിണിതഫലമായിട്ടാണെന്ന് കേരളത്തില്‍ അടുത്തകാലത്തു നടന്ന പല നിരീക്ഷണങ്ങളും തെളിയിച്ചു. പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും തളിക്കുന്ന കീടനാശിനികള്‍, മാംസത്തില്‍ കുത്തിവയ്‌ക്കുന്ന മരുന്നും ഹോര്‍മോണുകളും, മത്സ്യം കേടാകാതിരിക്കാന്‍ ചേര്‍ക്കുന്ന അമോണിയ, ഇതൊന്നുമല്ലാതെ മലയാളിക്ക് ശുദ്ധമായ മറ്റെന്തു ഭക്ഷണം ലഭിക്കുമിന്ന്? അത്യാഹിതങ്ങളോ അപകടങ്ങളോ സംഭവിക്കുമ്ബോള്‍ മാത്രം കഷ്‌ടിച്ച് എത്തിനോക്കുന്ന ഭരണാധികാരികള്‍! ഹോട്ടലുകളിലും പൊതുസ്‌ഥലത്തും വില്‍ക്കപ്പെടുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ക്കുമേല്‍ യാതൊരു ‘ക്വാളിറ്റി കണ്‍ട്രോള്‍’ നിബന്ധനകളും ചുമത്താത്ത ഒരു ഭരണകൂടം ഇന്ത്യയിലല്ലാതെ മറ്റെവിടെയുണ്ട്? രോഗങ്ങള്‍ പകര്‍ച്ചവ്യാധികള്‍ പോലെ വന്നിട്ട് മരണഭീതിയോടെ നെട്ടോട്ടമോടുന്നതിനു പകരം അതിനെ പ്രതിരോധിക്കുന്ന ക്രിയാത്മക മാര്‍ഗങ്ങളാരായാന്‍ ശ്രദ്ധ ചെലുത്തുന്ന എന്തു സംവിധാനമുണ്ടിവിടെ? ഹൃദ്‌രോഗം 85 ശതമാനം വരെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഗവേഷണ നിരീക്ഷണങ്ങളിലൂടെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞാല്‍ അതെന്തൊക്കെയാണെന്ന് ചോദിച്ചു വരുന്നവര്‍ എത്രപേരുണ്ട്? സംശയിക്കേണ്ട, ആരോഗ്യ കേരളത്തിന്റെ പ്രയാണം അപകടത്തിലേക്കുതന്നെ, ഇതിനു നാം വലിയ വില കൊടുക്കേണ്ടി വരും!
നരവംശ ശാസ്‌ത്രജ്‌ഞരുടെ കണ്ടുപിടിത്തങ്ങളുടെ വെളിച്ചത്തില്‍ മനുഷ്യന്‍ അടിസ്‌ഥാനപരമായി സസ്യഭുക്കാണെന്നും, എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ മാംസവും ഭക്ഷിക്കാന്‍ നിര്‍ബന്ധിതനായെന്നു തെളിവുകള്‍ സ്‌ഥിരീകരിക്കുന്നു. ഭക്ഷണശൈലിയില്‍ അടിസ്‌ഥാനപരമായി സസ്യഭുക്കാകണമെന്ന് ജനിതകമായി പ്രോഗ്രാംചെയ്യപ്പെട്ട മനുഷ്യന്‍ കാലാന്തരത്തില്‍ ഒരു മിശ്രഭുക്കായി മാറുകയാണുണ്ടായത്. ഉഷ്‌ണപ്രദേശങ്ങളിലുള്ളവര്‍ സസ്യാഹാരം കൂടുതലായി കഴിച്ചപ്പോള്‍ തണുപ്പു പ്രദേശങ്ങളിലുള്ളവര്‍ കടുത്ത ശീതകാലത്തെ അതിജീവിക്കാനുള്ള പരിചയായി കുടുതല്‍ കൊഴുപ്പടങ്ങിയ മാംസാഹാരത്തില്‍ അഭയം തേടി. ഭക്ഷണം വിശപ്പു മാറ്റാന്‍ മാത്രമല്ല, ആസ്വദിക്കാനും കൂടിയുള്ളതാണെന്ന തിരിച്ചറിവിലൂടെ മനുഷ്യന്‍ ഭക്ഷണ ശാസ്‌ത്രത്തിന് പുതിയ നിര്‍വചനങ്ങള്‍ നല്‍കി. അങ്ങനെയാണ് നാവില്‍ രസമൂറുന്ന ആധുനിക പാചകകലകള്‍ ജന്മം കൊണ്ടത്.
അപ്പോള്‍ പ്രകൃതി തത്വങ്ങള്‍ക്ക് വിപരീതമായി പോഷണശാസ്‌ത്രത്തെ മാറ്റിമറിച്ച മനുഷ്യന് കാലാന്തരത്തില്‍ രോഗപീഢകള്‍ ഒന്നൊന്നായി വന്നുപെട്ടുവെന്നു പറയുന്നതായിരിക്കും ശരി. വിശപ്പു മാറ്റാന്‍ മാത്രമല്ല ആസ്വദിക്കാന്‍ കൂടിയുള്ളതാണ് എന്ന ചിന്ത ആധുനിക മനുഷ്യനെ രോഗാതുരതയിലേക്ക് വലിച്ചിഴച്ചു. വിചിത്രമായ ഭക്ഷണ വിഭവങ്ങള്‍ക്കു പുറകെ അവന്‍ വെറി പൂണ്ട് ഓടിത്തുടങ്ങി. വാഗ്‌ഭടന്റെ അഷ്‌ടാംഗ ഹൃദയത്തില്‍ പറയുന്നതു കേള്‍ക്കുക: ‘സര്‍വ്വേഷാമേവ രോഗാണാം നിദാനം കുപിതാ മലാ:, തല്‍പ്രകോപസ്യതു പ്രോക്‌തം വിവിധാഹിത സേവനം’ – എല്ലാ രോഗങ്ങള്‍ക്കും കാരണം കുപിതങ്ങളായ ദോഷങ്ങളാണ്. അവയുടെ കോപത്തിനുള്ള കാരണമാകട്ടെ അഹിതങ്ങളായ ആഹാരവിഹാരങ്ങളും.
മനുഷ്യശരീര വ്യവസ്‌ഥയെ താങ്ങിനിര്‍ത്തി, അതിന് സന്തുലിതവും സുദൃഢവുമായ ആരോഗ്യം പ്രദാനം ചെയ്യുന്ന നാലു സ്‌തംഭങ്ങളായി ആയുര്‍വേദാചാര്യന്മാര്‍ വിശേഷിപ്പിക്കുന്നത് ഭക്ഷണം, ഉറക്കം, വ്യായാമം, മിതമായ ലൈംഗികത എന്നിവയാണ്. ഇവയുടെ ലഭ്യത സമുചിതമായാല്‍ സമ്ബൂര്‍ണമായ സ്വാസ്‌ഥ്യമാണ് ഫലം. മറിച്ചായാല്‍ രോഗതുരത്തിലേക്ക് ശരീരം വലിച്ചിഴയ്‌ക്കപ്പെടും. ഈ നാലു സ്‌തംഭങ്ങളില്‍ പ്രഥമ സ്‌ഥാനത്ത് ഭക്ഷണം സ്‌ഥാനം പിടിച്ചിരിക്കുന്നു. കാരണം മനുഷ്യജീവന്റെ ഊര്‍ജസ്രോതസ് ഭക്ഷണം തന്നെ. ശരീരയന്ത്രം കേടുപാടു കൂടാതെ പ്രവര്‍ത്തിക്കാന്‍ ആഹാരലഭ്യത സമൃദ്ധവും സന്തുലിതവുമാകണം.
ഭക്ഷണച്ചിട്ടകളിലുള്ള മലയാളിയുടെ ആക്രാന്തം പ്രസിദ്ധമാണ്. എപ്പോഴും വെട്ടിവിഴുങ്ങാന്‍ സന്നദ്ധമാണ് മലയാളിയുടെ ആമാശയം. എന്നാല്‍ എത്ര കഴിക്കണമെന്നതിനെപ്പറ്റി വാഗ്‌ഭടന്റെ അഷ്‌ടാംഗ ഹൃദയത്തില്‍ പറയുന്നുണ്ട്, വയറിന്റെ പകുതി നിറയാന്‍ മാത്രം ഖരപദാര്‍ഥങ്ങളും കാല്‍ ഭാഗം നിറയാന്‍ മാത്രം ദ്രാവകാഹാരങ്ങളും കഴിക്കാം. വയറിലുള്ള ബാക്കി ഭാഗം ഒഴിച്ചിടണം. ഭക്ഷണം ശരീരത്തിന് അമൃതാണ്. അത് ഗുണത്തിലും അളവിലും കഴിക്കേണ്ട രീതിയില്‍ ആസ്വദിച്ചാല്‍ സമ്ബൂര്‍ണ ആരോഗ്യമാണ് ഫലം. മറിച്ചായാല്‍ രോഗങ്ങളും.
- ഡോ. ജോര്‍ജ് തയ്യില്‍