കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞ് സാമ്ബത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസും കുരുക്കില്‍ പെട്ടിരിക്കുകയാണ്. ഇവര്‍ ഉള്‍പ്പടെയാണ് പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സുനിത ദേവദാസിനെ കൂടാതെ തട്ടിപ്പിലെ മുഖ്യപ്രതിയായ മാരാരിക്കുളം സ്വദേശിയായ ശ്രീമോള്‍ (സുജിമോള്‍), ശ്രീമോളുടെ കൂട്ടാളി അനില്‍ ടിവി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ നവാസ് ആണ് തട്ടിപ്പ് കേസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഒന്നാം പ്രതിയായ ശ്രീമോള്‍ മൂന്നാം പ്രതിയായ അനിലിന്റെ സഹായത്തോടെ സമൂഹമാധ്യമങ്ങളില്‍ താന്‍ കാന്‍സര്‍ രോഗിയാണെന്ന് പ്രചരിക്കുകയായിരുന്നു. രോഗമുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ ചില മെഡിക്കല്‍ റിപ്പോര്‍ട്ടുകളും നല്‍കി. ഇതില്‍ വിശ്വസിച്ചാണ് സുനിത ദേവദാസും ശ്രീമോള്‍ക്ക് വേണ്ടി സഹായ അഭ്യര്‍ത്ഥന നടത്തിയത്. ഇതാണ് ഇന്ന് സുനിതയ്ക്ക് കുരുക്കായി മാറിയത്.

മൂന്നുലക്ഷത്തോളം രൂപ നേരിട്ടും പത്തുലക്ഷത്തോളം രൂപ അല്ലാതെയും സുമനസുകളില്‍നിന്ന് പിരിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് നവാസ് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലെ ഒരു വനിതാ ഗ്രൂപ്പില്‍ അംഗമായ ശ്രീമോള്‍, താന്‍ കാന്‍സര്‍ രോഗിയാണെന്നും സര്‍ജറിക്ക് പണമില്ലെന്നും പലരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ശേഷം സുനിത തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അടിയന്തിര ചികിത്സക്ക് പണം ആവശ്യമുണ്ടെന്ന രീതിയില്‍ പോസ്റ്റിട്ടത്. പിന്നീട് തട്ടിപ്പാണെന്ന് മനസിലാക്കി ഒക്ടോബര്‍ 22 ന് പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ അവര്‍ 27-ാംതീയതി പിന്‍വലിച്ചിരുന്നു. ശ്രീമോള്‍ തന്നെ വഞ്ചിച്ചതാണെന്നും അവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും സുനിത ദേവദാസ് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി അയച്ചിട്ടും തന്റെ പരാതിയില്‍ കേസെടുക്കാതെ തനിക്കെതിരെ നല്‍കിയ പരാതിയില്‍ മാത്രമാണ് കേസെടുത്തതെന്നും സുനിത ആരോപിച്ചു.