ഇന്ന് ലോക എയ്ഡ്‌സ് ദിനം. കാന്‍സറിനേക്കാള്‍ ഒരു പക്ഷെ ആളുകള്‍ ഭയചരിതരാകുന്നത് എയിഡ്‌സ് എന്ന വില്ലനെയാണ്. പത്തൊമ്ബതാം നൂറ്റാണ്ടിലെ അവസാന ഘട്ടത്തിലാണ് എയിഡ്‌സ് മനുഷ്യ സമൂഹത്തെ കാര്‍ന്ന് തിന്നാന്‍ തുടങ്ങിയത്. എന്നാല്‍ ആദ്യം ആരും അതിനെ ഗൗനിച്ചില്ലെങ്കിലും ഈ വൈറസ് പതിയെ പതിയെ പടരാന്‍ തുടങ്ങി. അങ്ങനെയാണ് ലോകരാജ്യങ്ങള്‍ എയിഡ്‌സിനെ തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവാന്മാരായത്.
തുടര്‍ന്ന്, മനുഷ്യരാശി കണ്ട ഏറ്റവും മാരകമായ രോഗത്തെ ചെറുത്തുനില്‍ക്കാനും അതിന് ജനതയെ ശക്തരാക്കാനും എല്ലാവര്‍ഷവും ഡിസംബര്‍1 എയിഡ്‌സ് ദിനമായി ആചരിക്കാന്‍ ലോക ആരോഗ്യ സംഘടന തീരുമാനിച്ചു. 1988ല്‍ നടന്ന ആരോഗ്യമന്ത്രിമാരുടെ ഉച്ചകോടിയിലാണ് ലോക എയിഡ്‌സ് ദിനമെന്ന ആശയം ഉരുത്തിരിഞ്ഞ് വന്നത്. ഇതിന് ശേഷം വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളും അന്താരാഷ്ട്ര സംഘടനകളും സന്നദ്ധ സംഘടനകളും എയിഡ്‌സ് ബോധവത്കരണം ഏറ്റെടുക്കുകയായിരുന്നു.
കാലം ഒരുപാട് മാറിയെങ്കിലും ഇന്നും നമ്മുടെ സമൂഹത്തിന് ഒരു തെറ്റായ ധാരണയുണ്ട്. എയ്ഡ്‌സ് രോഗികളോട് സംസാരിക്കുകയോ ഇടപഴകുകയോ ചെയ്താല്‍ രോഗം പകരുമെന്ന്. അതിന്റെ അടിസ്ഥാനത്തില്‍ പലരും ഈ വിഭാഗക്കാരെ ഒഴിവാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ എയിഡ്‌സ് ബാധിതരായി ജീവിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനും ജീവിക്കാന്‍ പ്രേരിപ്പിക്കാനുമാണ് നമ്മള്‍ ശ്രമിക്കണ്ടേത്. ഇതു തന്നെയാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന സന്ദേശവും. 2030ഓടെ എച്ച്‌ഐവി വൈറസ് ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.
ശരീരത്തില്‍ കടന്ന എയിഡ്‌സ് വൈറസിന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നത് നിയന്ത്രിക്കാനായി ഇപ്പോള്‍ ആന്റി റിട്രോവൈറല്‍ ചികിത്സ ഉണ്ട്. എന്നിരുന്നാലും നമ്മള്‍ അടങ്ങുന്ന സമൂഹം ഈ രോഗത്തെ വളരെ ഭയത്തോടെയാണ് ഇപ്പോഴും സമീപിക്കുന്നത് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല എയിഡ്‌സ് രോഗിയാണ് എന്നറിഞ്ഞാല്‍ ആ വ്യക്തിയെ മറ്റുള്ളവര്‍ കാണുന്നത് തെറ്റായ കണ്ണിലൂടെയാണ്. അവര്‍ക്ക് തെറ്റായ ലൈംഗിക ബന്ധമുണ്ടായിരുന്നു എന്നാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍ മറ്റു പല കാരണങ്ങള്‍ കൊണ്ടും ഈ രോഗം വരാന്‍ ഇടയുണ്ട്. രക്തം നല്‍കുമ്ബോള്‍, രോഗ ബാധിതരായ ഒരാളില്‍ ഉപയോഗിച്ച സിറിഞ്ച് വീണ്ടും മറ്റൊരാള്‍ക്ക് ഉപയോഗിക്കുമ്ബോള്‍, എച്ച്‌ഐവി ബാധിതരായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് ഗര്‍ഭാവസ്ഥയിലോ പ്രസവസമയത്തോ അല്ലെങ്കില്‍ അതിനുശേഷം മുലപ്പാലിലൂടെയോ രോഗം പകരാം. മയക്ക് മരുന്ന് കുത്തിവയ്ക്കുന്നതിലൂടെയും ഈ രോഗം പകരാന്‍ സാധ്യത ഏറെയാണ്.
കണക്ക് പ്രകാരം എച്ച്‌ഐവി ബാധിതരുടെ എണ്ണം സംസ്ഥാനത്ത് കുറയുന്നുണ്ടെങ്കിലും ശരാശരി മാസം 100 പുതിയ എച്ച്‌ഐവി ബാധിതര്‍ ഉണ്ടാകുന്നു എന്നതും ആശങ്കയുളാവാക്കുന്ന കാര്യമാണ്. 2019 ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 24141 എച്ച്‌ഐവി ബാധിതരാണ് ഉള്ളത്. അതേസമയം പുതിയ കണക്കുകള്‍ അനുസരിച്ച് എച്ച്‌ഐവി ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യുവാക്കളിലാണ്. ഇതിന് പ്രധാന കാരണം ഓണ്‍ലൈന്‍ ലഹരി ഉപയോഗമാണെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടികാണിക്കുന്നത്.