കൊച്ചി: സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സെറ്റുകളില്‍ പരിശോധന നടത്താനും കേസെടുക്കാനും പരാതി വേണമെന്ന മന്ത്രി എ.കെ ബാലന്‍റെ നിലപാട് വിവരക്കേടാണെന്ന് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. ലഹരി ഉപയോഗം വ്യാപകമാണെന്ന നിര്‍മാതാക്കളുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘പരിശോധന നടത്താനും കേസെടുക്കാനും പരാതി വേണമെന്ന മന്ത്രി എ.കെ.ബാലന്‍റെ നിലപാട് വിവരക്കേടാണ്. ലഹരി ഇടപാട് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വധശിക്ഷ പോലും ലഭിക്കാം’ ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. ഇക്കാര്യത്തില്‍ പൊലീസിന് ആരുടെയും അനുമതിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഷൂട്ടിംഗ് ലൊക്കേഷനില്‍ പരിശോധന നടത്തണമെങ്കില്‍ അതിന്റെ നിയന്ത്രണമുള്ള ആളിനോട്, സംവിധായകനോടോ നിര്‍മാതാവിനോടോ, സെര്‍ച്ച്‌ ചെയ്യണമെന്നു പറയണം. അതല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ പൊലീസ് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പരിശോധന അപ്രായോഗികമാണെന്നു പറയുന്നത് എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാതാക്കളുടെ വെളിപ്പെടുത്തലിന് പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. സിനിമ സെറ്റുകളിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.