മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളുടെ ചിലവുകള്‍ രഹസ്യമാക്കിവെച്ച്‌ സര്‍ക്കാര്‍. മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകളെക്കുറിച്ച്‌ നിയമസഭയിലും വിവരാവകാശപ്രകാരവും ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നു എന്ന മറുപടിയാണ് സര്‍ക്കാര്‍ ഇതിന് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നിയമസഭയില്‍ ഐ.സി ബാലകൃഷ്ണന്‍ സര്‍ക്കാരിനോട് മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഏതൊക്കെ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നതായിരുന്നു അതില്‍ ഒരു ചോദ്യം. ഔദ്യോഗികവും അനൗദ്യോഗികവുമായ യാത്രകളുടെ വിശദാശങ്ങളാണ് ഐ.സി ബാലകൃഷ്ണന്‍ ചോദിച്ചത്.

സന്ദര്‍ശനങ്ങള്‍ എന്തിന് വേണ്ടിയായിരുന്നു അതിനായി ഓരോമന്ത്രിക്കും ചിലവായ തുക എത്രയൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങളാണ് നിയമസഭയില്‍ അദ്ദേഹം ഉന്നയിച്ചത്. എന്നാല്‍ ഇവയ്‌ക്കെല്ലാം വിവരം ശേഖരിച്ചുവരുന്നുവെന്ന് മാത്രമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

ഐ.സി ബാലകൃഷ്ണന്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചതിന് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം 13-06-2019ല്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ചോദ്യങ്ങള്‍ വീണ്ടും നിയമസഭയില്‍ ഉന്നയിച്ചു. മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകള്‍ സംബന്ധിച്ച ആറ് ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചത്. അതിനും വിവരങ്ങള്‍ ശേഖരിക്കുകയാണെന്നാണ് മറുപടി.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ഇതുസംബന്ധിച്ച ചോദ്യം പി.കെ ബഷീര്‍ ചോദിച്ചു. അപ്പോഴും മറുപടി പഴയതുതന്നെ. ഇതുകൂടാതെ വിവരാവകാശ നിയമപ്രകാരം നിരവധി ആളുകള്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു ചോദ്യത്തിനും മറുപടി ലഭിച്ചിട്ടില്ല. ഇതാണ് സര്‍ക്കാര്‍ വിവരങ്ങള്‍ രഹസ്യമാക്കി വെക്കുന്നതായുള്ള ആരോപണത്തിന് കാരണം.