മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സര്‍ക്കാരില്‍ ശരത് പവാറിന്റെ എന്‍സിപിക്ക് സുപ്രധാന വകുപ്പുള്‍ ലഭിച്ചേക്കും. 43-ല്‍ 16 മന്ത്രിമാര്‍ എന്‍സിപിയില്‍ നിന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന് 12 ഉം ശിവസേനക്ക് 15 ഉം മന്ത്രിമാരുണ്ടാകും. സ്പീക്കര്‍ പദവി കോണ്‍ഗ്രസിനാണ് നല്‍കയിരുന്നത്. വോട്ടെടുപ്പില്‍ നിന്ന് ബിജെപി പിന്‍മാറിയതോടെ കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെയെ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ഉപമുഖ്യമന്ത്രി പദവും എന്‍സിപിക്കാണ്.
ആഭ്യന്തര വകുപ്പ് എന്‍സിപി കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരത് പവാറിന്റെ അടുത്ത അനുയായി ആയ ജയന്ത് പാട്ടീലാകും ഈ വകുപ്പ് കൈകാര്യം ചെയ്യുക. നേരത്തെയുള്ള എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരില്‍ അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത പരിചയമുണ്ട്.
ശരത് പവാറിന്റെ സഹോദര പുത്രന്‍ അജിത് പവാറിന്റെ പേരാണ് ഉപമുഖ്യന്ത്രി പദത്തിലേക്ക് പറഞ്ഞ് കേള്‍ക്കുന്നത്. നേരത്തെ ബിജെപി പാളയത്തിലേക്ക് പോയി മടങ്ങി എത്തിയ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഇതുവരെ പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
റവന്യൂ വകുപ്പ് കോണ്‍ഗ്രസിനായിരിക്കും. ബാലാസാഹെബ് തെറാട്ടോ മുന്‍ മുഖ്യമന്ത്രി അശോക് ചവാനോ ഈ വകുപ്പ് കൈകാര്യം ചെയ്യും. വ്യവസായവും ധനകാര്യവുമടക്കം ശിവസേന കൈകാര്യം ചെയ്തേക്കും. അതിനിടെ, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു.