രണ്ടര പതിറ്റാണ്ടിലേറെ ന്യുയോര്‍ക്ക് മലയാളി സമൂഹത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ച്ചറല്‍ ആന്‍ഡ് സിവിക് സെന്ററിന്റെ നേതൃത്വം പുതിയ ഭാരവാഹികളിലേക്ക് കൈമാറി. 2019 ഒക്ടോബര്‍ 20 ഞായര്‍ വൈകുന്നേരം കേരളാ സെന്ററില്‍ കൂടിയ അംഗങ്ങളുടെ യോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് .  2020 മുതല്‍ 2022 വരെയുള്ള മൂന്ന് വര്‍ഷത്തേക്ക് എക്‌സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായി അലക്‌സ് കെ. എസ്തപ്പാന്‍ (പ്രസിഡന്റ് ); ജെയിംസ് തോട്ടം (വൈസ് പ്രസിഡന്റ് ); ജിമ്മി ജോണ്‍ (സെക്രട്ടറി ); ജോണ്‍ പോള്‍ (അസ്സോസിയേറ്റ് സെക്രട്ടറി ); കെന്നി ഫ്രാന്‍സിസ് (ട്രെഷറര്‍ ); തമ്പി തലപ്പിള്ളി (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡോഃ മധു ഭാസ്കര്‍ ബോര്‍ഡ് ചെയര്‍മാനായി ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ആയി ഡോഃ തോമസ് എബ്രഹാം, ഡോഃ തെരേസ ആന്റണി, ഇ. എം. സ്റ്റീഫന്‍, എബ്രഹാം തോമസ്, ജോണ്‍ വി. മാത്യു, വര്‍ഗീസ് തോമസ്, രാജു തോമസ്, പി. ടി. പൗലോസ്, സംഗീത സോളങ്കി, തോമസ് കല്ലാട്ട് എന്നിവരും തേടഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ പത്തുവര്‍ഷമായി പ്രസിഡന്റ് പദം അലങ്കരിച്ച തമ്പി തലപ്പിള്ളിയുടെ വിടവാങ്ങല്‍ പ്രസംഗം വികാരനിര്ഭരമായിരുന്നു. ഒരു ദശാബ്ദം സെന്ററിനെ നയിക്കുവാന്‍ ലഭിച്ച അവസരം തന്റെ ജീവിതത്തിലെ ഒരു ഭാഗ്യമാണെന്നും പ്രവര്‍ത്തനമേഖലകളില്‍ തന്നോട് ഹൃദയപൂര്‍വ്വം സഹകരിച്ച എല്ലാവരോടും നന്ദിയും കടപ്പാടും ഉണ്ടെന്നും തുടര്‍ന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ സെന്ററില്‍ ഉണ്ടാകുമെന്നും തമ്പി തലപ്പിള്ളി വ്യക്തമാക്കി. കേരളാ സെന്ററിന്റെ സ്ഥാപക പ്രിസിഡന്റായും പിന്നീട് ഇന്നുവരെ സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിച്ച കേരളാ സെന്ററിന്റെ എല്ലാമായ ഇ. എം. സ്റ്റീഫന്‍ തന്റെ വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ മനസ്സ് തുറന്നു പറഞ്ഞു തന്റെ കുടുംബത്തേക്കാള്‍ സ്‌നേഹിച്ച പ്രസ്ഥാനമാണ് കേരളാ സെന്റര്‍ എന്ന്. അത് പുതിയ ഭാരവാഹികളില്‍ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. തന്റെ കൂടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുകയും എല്ലാ പ്രവര്‍ത്തനങ്ങളിലും തുണയായി തന്റെ കൂടെനിന്ന സഹധര്‍മ്മിണി ചിന്നമ്മ സ്റ്റീഫന് പ്രത്യേകം നന്ദി പറയുകയും ചെയ്തു.

പുതിയ പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അലക്‌സ് എസ്തപ്പാന്‍ തന്റെ പ്രസംഗത്തില്‍ എല്ലാവരോടുമുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിച്ചു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ കേരളാ സെന്ററിലും നടക്കുകയാണെന്നും അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന അടുത്ത തലമുറയുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുന്നോട്ടു പോകുന്നതാണെന്നും പ്രസ്താവിച്ചു. അടുത്ത തലമുറയില്‍ പെട്ടവര്‍ ഈ കമ്മറ്റിയില്‍ അംഗങ്ങളായി ഇരിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഈ കമ്മറ്റി ഒറ്റക്കെട്ടായി.തങ്ങളുടെ കഴിവിന്റെ പരമാവധി കേരളാ സെന്ററിന്റെ അടിസ്ഥാന തത്വങ്ങളില്‍നിന്ന് വ്യതിചലിക്കാതെ മലയാളി സമൂഹത്തിന്റെ താല്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു. അതിന് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചുകൊണ്ട് അലക്‌സ് തന്റെ പ്രസംഗം അവസാനിപ്പിച്ചു.