മഹാരാഷ്ട്ര സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വിശ്വാസവോട്ടെടുപ്പില്‍ 169 പേരുടെ പിന്തുണ ഉറപ്പാക്കിയതിന് ശേഷം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സര്‍ക്കാര്‍ നേരിടുന്ന രണ്ടാം പരീക്ഷണമാണിത്. മുന്‍ ബി ജെ പി
എം പിയും കോണ്‍ഗ്രസ്സ് എം എല്‍ എയുമായ നാനാ പട്ടോളയാണ്
മഹാ വികാസ് അഘാടി സര്‍ക്കാറിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. അപ്രതീക്ഷിതമായി ഒന്നും തന്നെ സംഭവിച്ചില്ലെങ്കില്‍ പട്ടോള തന്നെയായിരിക്കും ഇന്ന് 11 മണിക്ക് നടക്കുന്ന വോട്ടെടുപ്പില്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്.
മുന്‍ കോണ്‍ഗ്രസ്സ്കാരനായ നാനാ പട്ടോള 2009ലാണ് ബി ജെ പിയിലേക്ക് ചേക്കേറിയത്. 2014ല്‍ എന്‍ സി പിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി പ്രഫുല്‍ പട്ടേലിനെ തോല്‍പ്പിച്ചുകൊണ്ടാണ് എം പിയായത്. എന്നാല്‍ പിന്നീട് നരേന്ദ്രമോദിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു.
ഇതിനിടെ ഇന്നലെ നടന്ന വിശ്വാസ വോട്ടെടുപ്പ് ചട്ടം പാലിക്കതെയാണ് നടപ്പാക്കിയത് എന്ന് ആരോപിച്ച് ഇന്നലെ ബി ജെ പി വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. സംഭവത്തില്‍ പരാതി ഗവര്‍ണര്‍ക്ക് നല്‍കുമെന്നും ബി ജെ പി വ്രുത്തങ്ങള്‍ സൂചിപ്പിച്ചു. സുപ്രീം കോടതിയില്‍ പരാതി നല്‍കാനും നീക്കമുണ്ട്. വിശ്വാസവോട്ടെടുപ്പില്‍ പ്രോട്ടൈം സ്പീക്കറെ മാറ്റിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി ജെ പി ആരോപണം.