ഹൈദരാബാദ്: തെലുങ്കാനയില്‍ വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസുകാര്‍ക്ക് സസ്പെന്ഷന്. ഡോക്ടറെ കാണാതായെന്ന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിനാണ് നടപടി. ഷംഷാബാദ് പോലീസ് സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സബ് ഇന്‍സ്പെക്ടര്‍ രവി കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വേണു ഗോപാല്‍, സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണം നടത്തിയ ശേഷമാണ് മൂന്നു പേരെയും സസ്പെന്‍ഡ് ചെയ്തത്. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ സഹോദരി പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
അതിനിടെ പ്രതികള്‍ക്കു വധശിക്ഷ നല്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം ശക്തമാണ്. പലേടത്തും പ്രതിഷേധങ്ങള്‍ അരങ്ങേറി. സമൂഹമാധ്യമങ്ങളിലും പ്രതിഷേധ സന്ദേശങ്ങള്‍ നിറയുകയാണ്. ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം ചുട്ടുകൊന്ന കേസില്‍ നാലു ലോറിത്തൊഴിലാളികള്‍ അറസ്റ്റിലായിരുന്നു.
മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് പിടിയിലായത്. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്കു മാറ്റണമെന്നു പോലീസ് അപേക്ഷ നല്കി.
സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകിട്ടു ജോലികഴിഞ്ഞു മടങ്ങുന്പോഴാണു സംഭവം. ഷംഷാബാദിലെ ടോള്‍ പ്ലാസയില്‍നിന്ന് 100 മീറ്റര്‍ അകലെ വൈകിട്ട് ആറോടെ സ്കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളിയിലേക്കു പോയി. ഈ സമയം പ്രതികള്‍ സമീപത്തുണ്ടായിരുന്നു. നാലു പേരും ഇവിടെയിരുന്നു മദ്യപിക്കുകയായിരുന്നെന്നാണു പോലീസ് പറയുന്നത്. യുവതിയെ കണ്ടതോടെ മാനഭംഗപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടു.
പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്കൂട്ടറിന്റെ ടയറുകള്‍ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോള്‍ സഹായം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ജോളു ശിവ സ്കൂട്ടര്‍ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ, സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ചു. തന്റെ സ്കൂട്ടര്‍ പഞ്ചറായെന്നും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്നും അറിയിച്ചു. സ്ഥലത്തുനിന്നു വേഗം പോരാന്‍ നിര്‍ദേശിച്ച സഹോദരി പിന്നീടു തിരികെ ഫോണ്‍ വിളിച്ചപ്പോള്‍ ഓഫായിരുന്നു.
ഫോണ്‍ വിളിച്ചതിനു പിന്നാലെ മറ്റുമൂന്നുപേരും ചേര്‍ന്നു യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സ്കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ ഉപദ്രവിച്ചു. പിന്നീടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനില്‍ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് സംഭവ സ്ഥലത്തുനിന്ന് 20 കിലോമീറ്റര്‍ അകലെ മൃതദേഹം എത്തിച്ചു കത്തിച്ചു. രണ്ടു പേര് ലോറിയിലും മറ്റുള്ളവര്‍ ഡോക്ടറുടെ സ്കൂട്ടറിലുമാണുപോയത്. പെട്രോളും ഡീസലും ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത്.