രാജകുമാരി: മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ മുംബൈയിലെ ജയിലില്‍ കഴിയുന്ന ലിജി കുര്യന്‍(29) കഴിഞ്ഞ ദിവസം റിജോഷിന്റെ സഹോദരനെ ജയിലിലെ ഉദ്യോഗസ്ഥന്റെ ഫോണില്‍ നിന്ന് വിളിച്ചതായി റിപ്പോര്‍ട്ട്.

റിജോഷ്-ലിജി ദമ്ബതികളുടെ മറ്റു 2 മക്കള്‍ റിജോഷിന്റെ കുടുംബ വീട്ടിലാണ് കഴിയുന്നത്. കുട്ടികള്‍ എവിടെയെന്നു ചോദിച്ച ലിജി അവരോട് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ കുട്ടികള്‍ സ്കൂളില്‍ പോയി എന്ന് അറിയിച്ചതോടെ ലിജി ഫോണ്‍ വച്ചതായി റിജോഷിന്റെ സഹോദരന്‍ ജിജോഷ് പറഞ്ഞു. ഇതുകൂടാതെ ലിജി തന്റെ ഉറ്റ ബന്ധുക്കളെയും കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചു. എന്നാല്‍ ലിജിയുമായി ഒരു ബന്ധവും ഇല്ലെന്നും ഫോണില്‍ വിളിക്കരുത് എന്നും ഇവര്‍ ആവശ്യപ്പെട്ടു.

ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷി(31)നെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഫാം ഹൗസ് മാനേജര്‍ ഇരിങ്ങാലക്കുട സ്വദേശി വസീമിന്റെ(32) കൂടെ കഴിഞ്ഞ 7 നാണ് ലിജി മുംബെയില്‍ എത്തിയത്.

റിജോഷിന്റെ ഇളയ മകള്‍ ജൊവാനയെ(2) വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ലിജിയും വസീമും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് കേസ്. ലിജി അപകടനില തരണം ചെയ്തപ്പോള്‍ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വസിം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ് ഉള്ളത്.