കോഴിക്കോട്: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഇന്ന് മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം. ഉത്തരവ് കര്‍ശനമായി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്. അതേസമയം, വാഹനപരിശോധന സംബന്ധിച്ച്‌ ഡി.ജി.പി ലോക്‌നാഥ് ബെഹറ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

വാഹനപരിശോധന എസ്.ഐമാരുടെ നേതൃത്വത്തിലായിരിക്കണമെന്ന് ഡി.ജി.പി നിര്‍ദ്ദേശിച്ചു. പരിശോധന ക്യാമറയില്‍ പകര്‍ത്തണം. ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല. വാഹനം നിര്‍ത്താതെ പോകുന്നവരുടെ നമ്ബര്‍ കുറിച്ചെടുത്ത് നോട്ടിസ് അയക്കുകയല്ലാതെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കരുത്. വാഹനപരിശോധനയ്ക്കിടെ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ജില്ലാ പൊലിസ് മേധാവിയ്ക്കായിരിക്കും ഉത്തരവാദിത്വമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ഹെല്‍മറ്റ് ധരിക്കാത്തവര്‍ വാഹനത്തിലുണ്ടെങ്കില്‍ ഉടമയില്‍നിന്ന് 500 രൂപ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 1000 രൂപയായി പിഴ ഉയരും. നിയമലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ആദ്യഘട്ടത്തില്‍ പരിശോധന കര്‍ശനമാക്കുമെങ്കിലും പിഴ ഒഴിവാക്കിയേക്കും.

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നാല് വയസിനു മുകളിലുള്ളവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന കേന്ദ്ര മോട്ടര്‍ വാഹന നിയമത്തിലെ ഭേദഗതിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.

ഏതാനും ദിവസം കൂടി പിഴ ഒഴിവാക്കി ഉപദേശവും ബോധവല്‍ക്കരണവുമായിരിക്കും നടപ്പാക്കുക. ഹെല്‍മെറ്റ് വാങ്ങാന്‍ അവസരം നല്‍കുന്നതിനാണ് ഇതെന്നാണ് വിശദീകരണം. അതേസമയം, കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന ഹെല്‍മറ്റുകള്‍ക്ക് ക്ഷാമം നേരിടുകയാണ്. കോടതി ഉത്തരവിനെ തുടര്‍ന്ന് ചില കടകളില്‍ കുട്ടികള്‍ക്കുള്ള ഹെല്‍മറ്റ് എത്തിച്ചെങ്കിലും ഇവയെല്ലാം തീര്‍ന്നുപോയി.

ഗുണമേന്മയില്ലാത്ത ഹെല്‍മറ്റ് ധരിക്കുന്നവരും ചിന്‍സ്ട്രാപ്പ് ഉപയോഗിക്കാതെ ഹെല്‍മറ്റ് ഉപയോഗിക്കുന്നവരും നിയമനടപടി നേരിടേണ്ടിവരും. വ്യവസായശാലകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഹെല്‍മറ്റ് ധരിച്ചും നിരത്തിലിറങ്ങാനാകില്ല. അപകടമുണ്ടായാല്‍ തലയ്ക്ക് പരുക്കേല്‍ക്കാത്തവിധം സംരക്ഷണം നല്‍കുന്ന ഹെല്‍മറ്റായിരിക്കണം ധരിക്കേണ്ടത്.