ജാര്‍ഖണ്ഡില്‍ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ശനിയാഴ്ച സംസ്ഥാനത്തെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 64.12 ശതമാനം പോളിംങ്ങാണ് രേഖപ്പെടുത്തിയത്. . 37,83,055 വോട്ടര്‍മാരില്‍ 18,01,356 പേര്‍ സ്ത്രീകളാണ്. അഞ്ച് ഭിന്നലിംഗക്കാരായ വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്. ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 13 മണ്ഡലങ്ങളിലും സമാധാനമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചത്.

തിരഞ്ഞെടുപ്പിനിടെ ഗുംലയില്‍ മാവോയിസ്റ്റുകള്‍ ഒരു പാലം തകര്‍ത്തിരുന്നു.ദാല്‍ടോണ്‍ഗഞ്ചില്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് 35,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരുന്നത്. മാവോയിസ്റ്റ് ആക്രമണമുണ്ടായ ഗുംലയിലാണ് ആദ്യഘട്ടത്തില്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്. നക്സല്‍ ബാധിത മേഖലകളായ ലതേഹര്‍, ഛത്ര, ഗുമിയ, മനിക, ദാല്‍ടോണ്‍ഗഞ്ച്, പങ്കി എന്നിവിടങ്ങളിലും ശനിയാഴ്ച വോട്ടെടുപ്പ് നടന്നു.

അഞ്ച് ഘട്ടമായി നടക്കുന്ന ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ 23നാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ നേടിയ ബിജെപി 5 സീറ്റുകള്‍ നേടിയ ഓള്‍ ജാര്‍ഖണ്ഡ‍് സ്റ്റ്യൂഡന്റ്സ് യൂണിയന്റെ പിന്തുണയോടെയാണ് അധികാരത്തില്‍ എത്തിയത്. ജാര്‍ഖണ്ഡില്‍ 5 വര്‍ഷം കാലാവധി തികയ്ക്കുന്ന ആദ്യ സര്‍ക്കാരായിരുന്നു ഇത്. എജെഎസ്യു സഖ്യം വിട്ടതും പ്രതിപക്ഷത്ത് മഹാസഖ്യം രൂപമെടുത്തതും ബിജെപിക്ക് ഇത്തവണ തിരിച്ചടിയാണ്.