മുംബയ്: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ത്രികക്ഷി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയെങ്കിലും മന്ത്രിസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള വിലപേശലുകള്‍ തുടരുന്നത് സര്‍ക്കാരിന് പ്രതിസന്ധി സൃഷ്‌ടിക്കുന്നതായി റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞയ്ക്കു മുന്‍പുതന്നെ ശിവസേന – എന്‍.സി.പി – കോണ്‍ഗ്രസ് കക്ഷികള്‍ ചര്‍ച്ച നടത്തി മന്ത്രിസ്ഥാനങ്ങളെ പറ്റി ധാരണയിലെത്തിയെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സ്‌പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനം എന്‍.സി.പിക്കും നല്‍കാന്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായും എന്‍.സി.പി അത് തള്ളിയതായും ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

ഒരു ഉപമുഖ്യമന്ത്രി സ്ഥാനമേ ഉണ്ടാവൂ എന്നും അത് എന്‍.സി.പിക്ക് ആയിരിക്കുമെന്നുമായിരുന്നു ആദ്യ ധാരണ. എന്നാല്‍ മൂന്നാംസ്ഥാനക്കാരാകാന്‍ തയ്യാറല്ലെന്നാണത്രേ കോണ്‍ഗ്രസിന്റെ നിലപാട്. എന്‍.സി.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതില്‍ എതിര്‍പ്പില്ല. ഒപ്പം തങ്ങള്‍ക്കും ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാറുമായി ‌ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല.

മന്ത്രിസഭാ വികസനം വരുമ്ബോള്‍ ഇതില്‍ തര്‍ക്കം രൂക്ഷമായേക്കും. എന്‍.സി.പി, കോണ്‍ഗ്രസ് കക്ഷികളുടെ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പ്രശ്നം പരിഹരിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇരു കക്ഷികളുടെയും ദേശീയ നേതൃത്വങ്ങള്‍ ഇടപെട്ടു എന്നാണ് സൂചന.

സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കുന്നത് ഒഴിച്ചാല്‍ മന്ത്രിസ്ഥാനങ്ങളെ പറ്റി മൂന്നു പാര്‍ട്ടികളും തമ്മില്‍ ധാരണ ആയില്ലെന്നാണ് സൂചന. ഉപമുഖ്യമന്ത്രിസ്ഥാനം കൂടാതെ, ആഭ്യന്തരം, ധനകാര്യം, റവന്യൂ, സഹകരണം,​ ഗ്രാമവികസനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ സംബന്ധിച്ചും തര്‍ക്കം തുടരുകയാണ്.

വിശ്വാസവോട്ടെടുപ്പിനു തൊട്ടുപിന്നാലെ മന്ത്രിസഭാവികസനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും തര്‍ക്കങ്ങള്‍ തുടരുന്നതിനാല്‍ അത് നീളാനാണ് സാദ്ധ്യത. സമവായത്തില്‍ എത്തിയ ശേഷമേ മന്ത്രിസഭാ വികസനം ഉണ്ടാകൂ എന്നും റിപ്പോര്‍ട്ടുണ്ട്.