പരിസ്ഥിതി വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന വിഖ്യാത
അമേരിക്കന്‍ നടന്‍ ലിയനാര്‍ഡോ ഡി കാപ്രിയോ, ആമസോണ്‍ കാടുകള്‍ കത്തിക്കാന്‍ പണം ചെലവാക്കിയെന്ന ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോള്‍സൊനാരോയുടെ അടിസ്ഥാന രഹിതമായ ആരോപണം പരക്കെ വിമര്‍ശനത്തിനിടയാക്കി.
‘ലിയനാര്‍ഡോ ഡികാപ്രിയോ ഒരു ശാന്തനായ മനുഷ്യനാണ്. പക്ഷേ, ആമസോണ്‍ കത്തിക്കുന്നവര്‍ക്ക് പണം നല്‍കി. ബ്രസീലിനെതിരായ പ്രചാരണത്തിലാണ് നിങ്ങള്‍ ‘- ജയിര്‍ പറഞ്ഞു. ഫേസ്ബുക്ക് ബ്രോഡ്കാസ്റ്റിലൂടെയാണ് ജയിര്‍ ഒരു തെളിവും നിരത്താതെ ആരോപണം ഉന്നയിച്ചത്.
ഡികാപ്രിയോയുടെ പരിസ്ഥിതി സംഘടനയായ ‘എര്‍ത്ത് അലയന്‍സ്’ ആമസോണ്‍ മഴക്കാടുകളെ വന്‍തോതില്‍ നശിപ്പിച്ച കാട്ടുതീ അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനായി 35 കോടിയോളം രൂപ നല്‍കിയിരുന്നു. ആമസോണ്‍ കാടുകള്‍ കത്തിക്കുന്ന വിധ്വംസക ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നയാളാണ് ലിയനാര്‍ഡോ. സംഭവത്തില്‍ പ്രസിഡന്റ് ബോള്‍സൊനാരോയുടെ നിലപാടുകളെയും നടന്‍ വിമര്‍ശിച്ചിരുന്നു. ആമസോണ്‍ കാടുകള്‍ കത്തിക്കുന്ന വിഷയം ലോകവ്യാപകമായി ചര്‍ച്ച ചെയ്യാനിടയാക്കിയത് ലിയനാര്‍ഡോയുടെ ഇടപെടലുകളാണ്. അത് ബ്രസീല്‍ പ്രസിഡന്റിനെ പ്രകോപിപ്പിച്ചിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആമസോണ്‍ മഴക്കാടുകള്‍ കത്തിച്ച് രണ്ട് അന്താരാഷ്ട്ര എന്‍.ജി.ഒകള്‍ക്ക് ഫണ്ട് സ്വരൂപിക്കാനുള്ള വഴിയൊരുക്കുന്നു എന്നാരോപിച്ച് ബ്രസീല്‍ പൊലീസ് കഴിഞ്ഞ ദിവസം നാല് പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി പിന്നീട് വിട്ടയച്ചിരുന്നു. ഈ എന്‍.ജി.ഒകള്‍ക്ക് ലിയനാര്‍ഡോയും മൂന്ന് ലക്ഷം ഡോളര്‍ നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ജയിറിന്റെ മകന്‍ എഡ്യൂര്‍ഡോ പ്രസ്താവിച്ചിരുന്നു. എന്നാല്‍ വിവാദ എന്‍.ജി.ഒകള്‍ക്ക് ഫണ്ട് നല്‍കിയിട്ടില്ലെന്ന് ഡികാപ്രിയോ പ്രസ്താവനയില്‍ വ്യക്തമാക്കി.