പെരുമ്ബാവൂരില്‍ യുവതിയെ കൈക്കോട്ട് കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തി ക്രൂരമായി മാനഭംഗം ചെയ്തശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ഉള്ളവരുടെയോ ഓരോ ദിവസവും കേരളത്തില്‍ വന്നിറങ്ങുന്നവരുടെയോ ക്രിമിനല്‍ പശ്ചാത്തലം അര്‍ക്കും അറിയില്ലെന്നും സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനം എടുക്കണമെന്നും തുമ്മാരുകുടി പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മറുനാടന്‍ തൊഴിലാളികള്‍ കൊലയാളികള്‍ ആണോ?
“സ്വന്തം നാടായ പെരുമ്ബാവൂരില്നഗരമധ്യത്തില് നാട്ടുകാരിയായ ഒരു സ്ത്രീയെ അന്യസംസ്ഥാന(രാജ്യ) തൊഴിലാളി ക്രൂരമായി ബലാല്‍സംഘം ചെയ്ത ശേഷം കണ്ടം തുണ്ടം വെട്ടി നുറുക്കി കൊന്നിട്ട് നാലു നാളായിട്ടും രണ്ടാമന് അറിഞ്ഞില്ലെന്ന് തോന്നുന്നു…
ബംഗാളികളുടെ ഗോഡ്ഫാദര് എന്ന നിലക്ക്, അവര്‍ക്ക് വേണ്ടി, അവര്‍ നേരിടുന്ന പ്രശ്നങ്ങളെ പറ്റി കയ്യില്‍ നിന്ന് കാശു മുടക്കി പഠനമൊക്കെ നടത്തി റിപ്പോര്‍ട്ടൊക്കെ പ്രസിദ്ധീകരിച്ച ആളെന്ന നിലയില്‍, മുന്‍പ് ജിഷ കേസിലും പുക്കാട്ടുപടി കേസിലും ഒക്കെ നടത്തിയ പോലെ ബംഗാളികള്‍ക്കായി ഒരു ന്യായീകരണമെങ്കിലും ആവാമായിരുന്നു…
അവര്‍ പാവങ്ങളല്ലേ, നാം ഗള്‍ഫില്‍ പോകുന്ന പോലെ തന്നെ വെറും തൊഴിലന്വേഷകര്‍… ഇതിന്റെ പേരില്‍ അവര്‍ക്കെതിരെ പ്രതിഷേധങ്ങളൊന്നും പാടില്ലല്ലോ, അതിന് തടയിടാനെങ്കിലും…
ഓ, ക്ഷമിക്കണം.. ഞാനതു മറന്നു… ഇത് നോര്ത്തിന്ഡ്യ അല്ലല്ലോ… കേരളത്തില്‍ എന്തു നടന്നാലും ബുദ്ധിജീവികളും സാഹിത്യകാരന്മാരുമൊന്നും പ്രതികരിക്കില്ലല്ലോ, അവരുടെ വായില്‍ പഴമല്ലേ…🤦🏻♂️”
ഫേസ്ബുക്ക് സുഹൃത്തായ Deepu Aravind ഇന്ന് എന്‍്റെ വേറൊരു പോസ്റ്റിനിട്ട കമന്റാണ്.ഇന്ന് എന്റെ വേറൊരു പോസ്റ്റിനിട്ട കമന്റാണ്.
സത്യത്തില്‍ ഈ വാര്‍ത്ത ഞാന്‍ അറിഞ്ഞിരുന്നു, അതിനെ പറ്റി എഴുതണമെന്നും പ്ലാന്‍ ഉണ്ടായിരുന്നു. പക്ഷെ തിരക്കുള്ള ആഴ്ച ആയതിനാല്‍ അധികം എഴുതാന്‍ പറ്റിയില്ല. “ചേട്ടന് എന്ത് പറ്റി? കാണുന്നില്ലല്ലോ” എന്ന് പലരും മെസ്സേജില്‍ വന്നു ചോദിച്ചിരുന്നു.
ദീപുവിന്റെ അഭിപ്രായത്തില്‍ ഞാന്‍ വായില്‍ പഴവും ആയിട്ടിരിക്കുകയാണ്.
ആദ്യമായിട്ടല്ല മറുനാടന്‍ തൊഴിലാളികളെ പറ്റിയുള്ള എന്റെ അഭിപ്രായങ്ങള്‍ ദീപുവിന്റെ അഭിപ്രായത്തോട് യോജിച്ച് പോകാത്തത്.
“ഇത്തരം സാഹചര്യങ്ങളില്‍ റോബസ്റ്റ ആണ് ബെസ്റ്റ്” എന്ന് പറഞ്ഞു കോന്പ്ലിമെന്റ് ആക്കാം എന്നാണ് ആദ്യം കരുതിയത്.
കാരണം എന്റെ നാട്ടുകാരോ ബന്ധുക്കളോ ആയ ആളുകളോട് ഫേസ്ബുക്കില്‍ ഞാന്‍ ഉടക്കാന്‍ നില്‍ക്കാറില്ല. കാരണം അവരെക്കൊണ്ട് നമുക്കോ നമ്മളെക്കൊണ്ട് അവര്‍ക്കോ പ്രത്യേകിച്ച് ഗുണം ഒന്നുമില്ലെങ്കിലും അവസാനം വടിയാകുന്പോള് ശവമടക്കിന് ഇവരൊക്കെയേ കാണൂ. ഫേസ്ബുക്കിലുള്ള ബാക്കി ഒരു ലക്ഷം ഒരു സാഡ് ഫേസ് ഇമോജി ഇട്ട് കാര്യം കഴിക്കും.
എനിക്കാകട്ടെ വെങ്ങോല കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ശവസംസ്കാരം എന്റേതായിരിക്കണം എന്ന ആഗ്രഹവും ഉണ്ട്. സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയ നിലക്ക് ആചാര വെടി, കേരള പുനര്‍ നിര്‍മ്മാണത്തിന്റെ ഉപദേശകന് ആയതിനാല്‍ ചുരുങ്ങിയത് രണ്ടു മന്ത്രിമാര്‍ ഇത്രയൊക്കെ പ്രതീക്ഷയുണ്ട്. പക്ഷെ ഇവരൊക്കെ വരുന്പോള്‍ മോശമല്ലാത്ത ആള്‍ക്കൂട്ടം ഉണ്ടാകണമെങ്കില്‍ നാട്ടുകാരോടും ബന്ധുക്കളോടും കാരണമില്ലാതെ ഉടക്കരുത്. അല്ലെങ്കില്‍ ഇവരൊക്കെ എന്നേ എന്റെ തനി ഗുണം കണ്ടേനേ !!. സ്മരണ വേണം കേട്ടോ…
പക്ഷെ ദീപു പറഞ്ഞ കാര്യങ്ങളെ ഞാന്‍ നിസ്സാരമായി കാണുന്നില്ല. പെരുന്പാവൂരിലെ അതി ദാരുണമായ കൊലപാതകത്തിന് ഒന്നോ രണ്ടോ ആഴ്ച മുന്‍പാണ് മധ്യകേരളത്തില്‍ ദന്പതികളെ കൊലപ്പെടുത്തിയതിന് ശേഷം ബംഗ്ലാദേശുകാരായ രണ്ടുപേര്‍ കടന്നു കളഞ്ഞത്. ഭാഗ്യത്തിനാണ് അതിര്‍ത്തി കടക്കുന്നതിന് മുന്‍പ് അവരെ പിടികിട്ടിയത്. പെരുന്പാവൂരില്‍ തന്നെ മറുനാടന്‍ തൊഴിലാളികളാല്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നത് ഇത് ആദ്യമായിട്ടല്ല. അതിനാല്‍ മറുനാടന്‍ തൊഴിലാളികളോടുള്ള ഭയം സ്വാഭാവികമാണ്.
മൂന്നു പ്രധാന പ്രശ്നങ്ങളാണ് മറുനാടന്‍ തൊഴിലാളികളും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു മലയാളികളുടെ മനസ്സിലുള്ളത്.
1. “അവരവരുടെ നാടുകളില്‍ എന്ത് കുറ്റകൃത്യവും നടത്തിയതിന് ശേഷം കേരളത്തില്‍ വന്ന് സാധാരണ ജീവിതം നയിക്കാന്‍ ആളുകള്‍ക്ക് സാധിക്കും.” ശരിയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ഉള്ളവരുടെയോ ഓരോ ദിവസവും കേരളത്തില്‍ വന്നിറങ്ങുന്നവരുടെയോ ക്രിമിനല്‍ പശ്ചാത്തലം ആര്‍ക്കും അറിയില്ല. കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം നാടുവിടാന്‍ ശ്രമിക്കുന്നത് സ്വാഭാവികം ആണല്ലോ. ആലുവയില്‍ ആറു കൊലപാതകങ്ങള്‍ നടത്തിയതിന് ശേഷം ആന്റണി പോയത് സൗദിയിലേക്കാണ്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിന് ശേഷം ഗള്‍ഫിലേക്ക് കടന്ന ഒരു മലയാളി ആ പെണ്‍കുട്ടിയുടെ പടം ഇന്റര്‍നെറ്റില്‍ ഇട്ടതിന് ശേഷം ഗള്‍ഫില്‍ ഇരുന്ന് നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നു. ഇത് പോലെ എത്രയോ കേസുകള്‍ നമുക്കറിയാം. അതുപോലെ തന്നെ മറുനാട്ടില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍ പലരും കേരളത്തിലും കാണ്ടേക്കാം.
2. കുറ്റകൃത്യങ്ങള്‍ക്ക് മാത്രമായി കേരളത്തില്‍ വരുന്നവര്‍ ഉണ്ടാകാം. സാന്പത്തികമായി ഉയര്‍ന്ന നില, സുരക്ഷാ കാര്യങ്ങളില്‍ അത്ര ശ്രദ്ധയില്ലാതിരിക്കുക, വീടുകള്‍ ഒറ്റപ്പെട്ടതായിരിക്കുക, വയസ്സായ ധാരാളം ആളുകള്‍ ഒറ്റക്ക് ജീവിക്കുക, എന്നിങ്ങനെ കളവിന് അനുകൂലമായ ഏറെ സാഹചര്യങ്ങള്‍ കേരളത്തിലുണ്ട്. ബണ്ടി ചോറിനെ പോലെ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി കേരളത്തിലേക്ക് വിമാനം കയറി വരെ കുറ്റവാളികള്‍ വരുന്നുമുണ്ട്.
3. കുറ്റകൃത്യങ്ങള്‍ നടത്തിയതിന് ശേഷം കടന്നു കളയാന്‍ എളുപ്പമാണ്, പ്രത്യേകിച്ചും രാജ്യാതിര്‍ത്തി കടക്കാന്‍. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം മലയാളികള്‍ പോലും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കാറുണ്ടല്ലോ. അതുപോലെ മറ്റു നാട്ടുകാരും തീര്‍ച്ചയായും ശ്രമിക്കും, കുറ്റകൃത്യങ്ങള്‍ നടത്തിയതിന് ശേഷം കേരളത്തിന് പുറത്തേക്ക് പോയിക്കഴിഞ്ഞാല്‍ അവരെ കണ്ടുപിടിക്കുകയും തിരിച്ചെത്തിക്കുകയും എളുപ്പമല്ല. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നമ്മുടെ പോലീസുകാര്‍ എത്തുന്പോള്‍ കുറ്റവാളികള്‍ക്ക് അവിടെ നിന്നും വലിയ സംരക്ഷണം കിട്ടുന്നു.
വിദേശത്തേക്ക് പോയാല്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. കേരളത്തില്‍ കുറ്റകൃത്യം നടത്തിയതിന് ശേഷം ഗള്‍ഫില്‍ പോയ മലയാളി കുറ്റവാളികളെ തിരിച്ചു കൊണ്ട് വരുന്നത് പോലെ എളുപ്പമാവില്ല, കേരളത്തില്‍ കുറ്റം ചെയ്തതിന് ശേഷം ബംഗ്ലാദേശിലേക്ക് പോകുന്ന ബംഗ്ലാദേശിയെ തിരിച്ചെത്തിക്കാന്‍.
ഈ മൂന്നു കാര്യങ്ങളിലും തീര്‍ച്ചയായും സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ വേണം. കേരളത്തിലേക്ക് ഓരോ ദിവസവും വന്നെത്തുന്ന മറുനാട്ടുകാരുടെ ഒരു വിവരവും നമ്മുടെ അടുത്തില്ല. കേരളത്തില്‍ മൊത്തത്തില്‍ എത്ര മറുനാട്ടുകാര്‍ ഉണ്ടെന്ന് പോലും നമുക്കറിയില്ല. കേരളത്തില്‍ ബംഗ്ലാദേശില്‍ നിന്നും ആളുകള്‍ ഉണ്ടെന്ന് നമ്മള് അറിയുന്നത് തന്നെ ഇങ്ങനെ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ പെടുന്പോള്‍ ആണ്. ഈ സ്ഥിതിക്ക് പരിഹാരം ഉണ്ടായേ പറ്റൂ. അല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം ഒളിച്ചു താമസിക്കാനും, സൗകര്യത്തിന് കുറ്റകൃത്യങ്ങള്‍ ചെയ്യാനും, കുറ്റം ചെയ്തതിന് ശേഷം എളുപ്പത്തില്‍ മുങ്ങാനും ഒക്കെ സൗകര്യമുള്ള വെള്ളരിക്കാപ്പട്ടണമായി കേരളം മാറും. കുറ്റകൃത്യങ്ങളുടെ എണ്ണം കൂടും, ഇന്നത്തെ പോലെ ഒറ്റക്ക് വീടുകള്‍ വെക്കാന്‍ ആളുകള്‍ക്ക് പേടിയാകും, നമ്മുടെ സാമൂഹ്യ ജീവിതം താറുമാറാകും.
പോരാത്തതിന് മറുനാട്ടുകാര്‍ ചെയ്യുന്ന ഓരോ കുറ്റകൃത്യവും മറുനാട്ടുകാരെ പറ്റിയുള്ള മലയാളികളുടെ ഭയം വര്‍ദ്ധിപ്പിച്ച് അവര്‍ക്കെതിരെയുള്ള വികാരം ആളിക്കത്തിക്കാന്‍ എളുപ്പമാകും.
ഏതെങ്കിലും ഒരു ക്രൂരകൃത്യത്തിന് ശേഷം ആളുകള്‍ കൂട്ടമായി അവര്‍ക്കെതിരെ തിരിയുന്നതോടെ പത്തോ നൂറോ പേരുടെ, മിക്കവാറും നിരപരാധികളുടെ, ജീവന് പോകും. അന്തര്‍ സംസ്ഥാനം തൊട്ട് അന്താരാഷ്ട്രീയമായി വരെ പ്രശ്നം വളരും. അതുകൊണ്ട് പ്രതിരോധ നടപടികള്‍ ഇപ്പോഴേ എടുക്കുന്നതാണ് നല്ലത്.
കേരളത്തില്‍ എത്തുന്നവര്‍ക്ക് കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാകുക എന്നതാണ് ഏറ്റവും പ്രധാനം. ആവശ്യമെങ്കില്‍ അവരുടെ നാട്ടില്‍ നിന്നും പോലീസ് ക്ലിയറന്‍സും ലഭ്യമാക്കാനുള്ള നടപടി വേണം. ഫെഡറല്‍ സംവിധാനത്തില്‍ ഇതിനൊക്കെ ചില പരിമിതികളുണ്ടെങ്കിലും ഒരു ചെറിയ സംസ്ഥാനത്തേക്ക് ദശലക്ഷക്കണക്കിന് മറുനാട്ടുകാര്‍ വളരെ ചെറിയ സമയത്ത് എത്തുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളില്‍ പുതിയ നിയമവും നയങ്ങളും ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ ഒരു തെറ്റുമില്ല. ഇത് നാട്ടുകാരുടെയും മറുനാട്ടുകാരുടെയും നാടിന്റെയും രാജ്യത്തിന്റെയും സുരക്ഷയുടെ പ്രശ്നമാണ്, കുട്ടിക്കളിയല്ല.
ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു കുടിയേറ്റക്കാരന് ആയിരുന്ന സാഹചര്യത്തില്‍ കുറച്ചു കാര്യങ്ങള്‍ കൂടെ പറയാതെ വയ്യ. കേരളത്തില്‍ വരുന്ന മറുനാടന്‍ തൊഴിലാളികളില്‍ കുറ്റവാളികള്‍ ഉണ്ടാകാമെങ്കിലും കേരളത്തില്‍ വരുന്ന മറുനാട്ടുകാര്‍ എല്ലാം കുറ്റകൃത്യം ചെയ്തവരോ ചെയ്യാന്‍ തരം നോക്കിയിരിക്കുന്നവരോ ആണെന്ന ചിന്ത നൂറു ശതമാനം തെറ്റാണ്. ലോകത്തെവിടെയും അങ്ങോട്ട് വരുന്ന കുടിയേറ്റക്കാരെ പറ്റി നാട്ടുകാര്‍ പറയുന്ന കാര്യമാണ് ഇത്. സ്വിറ്റ്സര്‍ലാന്‍ഡില്‍ ജീവിക്കുന്ന എന്നെപ്പോലെ, അമേരിക്കയില്‍ ജീവിക്കുന്ന ആയിരക്കണക്കിന് ഐ ടി ജോലിക്കാരെ പോലെ, ഗള്‍ഫില്‍ ജീവിക്കുന്ന അനവധി മറ്റു തൊഴിലാളികളെ പോലെ കൂടുതല്‍ ശന്പളം കിട്ടുന്ന ഒരു സ്ഥലം അന്വേഷിച്ച് എത്തിയിരിക്കുന്നവരാണ് കേരളത്തിലെ മറുനാടന്‍ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും. ലോകത്തെവിടെയും മറുനാടുകളില്‍ നിന്നും വരുന്ന തൊഴിലാളികള്‍ അവര്‍ എത്തിയ നാട്ടിലെയും വന്ന നാട്ടിലേയും സന്പദ്വ്യവസ്ഥ പുരോഗമിക്കാനേ ഇടയാക്കിയിട്ടുള്ളൂ എന്ന് അനവധി പഠനങ്ങളുണ്ട്. കേരളത്തില്‍ ആളുകള്‍ക്ക് ന്യായമായി കെട്ടിടങ്ങള്‍ പണിയാന്‍ പറ്റുന്നത് മുതല്‍ ഹോട്ടലുകള്‍ നടത്താന്‍ പറ്റുന്നത് വരെ മറുനാടന്‍ തൊഴിലാളികള്‍ ഉള്ളത് കൊണ്ടാണ്. ബംഗാളിലും ആസ്സാമിലും അനവധി ഗ്രാമങ്ങളില്‍ പട്ടിണി മാറുന്നത് കേരളത്തില്‍ ജോലി ചെയ്യുന്ന ആരെങ്കിലും ഒക്കെ ആ വീടുകളിലുള്ളത് കൊണ്ടാണ്. ഇങ്ങനെ ഇരു കൂട്ടര്‍ക്കും ഗുണകരമായ ഒരു കൊടുക്കല്‍ വാങ്ങലിനെ ഏതെങ്കിലും കുറച്ചു ക്രിമിനലുകളുടെ സാന്നിധ്യം കൊണ്ട് തള്ളിപ്പറയുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് ആര്‍ക്കും ഗുണകരമല്ല.
സ്ഥിതിവിവരക്കണക്ക് നോക്കിയാല്‍ കേരളത്തിലെ കൊലപാതകങ്ങളില്‍ മറുനാടന്‍ തൊഴിലാളികളുടെ പങ്ക് നന്നേ കുറവാണെന്ന് ഞാന്‍ കഴിഞ്ഞ തവണ ഈ വിഷയത്തെ പറ്റി എഴുതിയപ്പോള്‍ പറഞ്ഞിരുന്നു. ഈ ലേഖനത്തിന് വേണ്ടി ഞാന്‍ ആ കണക്കുകള്‍ ഒന്ന് കൂടി നോക്കി. കാര്യങ്ങള്‍ മാറിയോ എന്നറിയണമല്ലോ. സത്യത്തില്‍ കണ്ട ഡേറ്റ എന്നെ പോലും അതിശയപ്പെടുത്തി.
രണ്ടായിരത്തി പതിനെട്ടിലെ കണക്കാണ് ഇപ്പോള്‍ ലഭ്യമായത്. 276 കൊലപാതകങ്ങളാണ് 2018 ല്‍ നടന്നിട്ടുള്ളത്. ഇത് സമീപകാലത്തെ ഏറ്റവും കുറഞ്ഞതാണെന്ന് മാത്രമല്ല, ഓരോ വര്‍ഷവും കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നുമുണ്ട്. അഞ്ചു വര്‍ഷം മുന്‍പ് 2014 ല്‍ 367 കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നത്. ഇപ്പോള്‍ കേരളത്തിലെ കൊലപാതകങ്ങളുടെ നിരക്ക് ഒരു ലക്ഷത്തിന് 0.82 ആണ്. ലോകത്തിലെ ശരാശരി ഒരു ലക്ഷത്തിന് ആറ് കൊലപാതകം ആണ്. ഇന്ത്യയിലേത് ഒരു ലക്ഷത്തിന് 3.2 ആണ്. അതായത് ലോകത്തിലെ ഏഴില്‍ ഒന്നും ഇന്ത്യയിലെ നാലില്‍ ഒന്നുമാണ് നമ്മുടെ കൊലപാതക നിരക്ക്. ലോകത്തെ അപൂര്‍വ്വം രാജ്യങ്ങളില്‍ മാത്രമാണ് ഇത്രയും കുറഞ്ഞ കൊലപാതക നിരക്കുള്ളത്, അവയില്‍ മിക്കതിലും കേരളത്തേക്കാള്‍ നാലിലൊന്നു ജനസംഖ്യ പോലുമില്ല.
ഇനി കേരളത്തില്‍ മറുനാടന്‍ തൊഴിലാളികള്‍ നടത്തുന്ന കൊലപാതകങ്ങളുടെ എണ്ണം എടുക്കാം. കേരളത്തില്‍ എത്ര മറുനാടന്‍ തൊഴിലാളികള്‍ ഉണ്ടെന്നോ എത്ര കൊലപാതകങ്ങള്‍ അവര്‍ നടത്തുന്നു എന്നോ ഉള്ള കണക്കുകള്‍ ലഭ്യമല്ല. പക്ഷെ ഇപ്പോള്‍ കേരളത്തില്‍ ഏതാണ്ട് മുപ്പത്തി നാലു ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ ഉണ്ടെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യുട്ടിന്റെ കണക്ക്. ഇത് കേരള ജനസംഖ്യയുടെ പത്തു ശതമാനത്തോളം വരും. അപ്പോള്‍ ഈ മറുനാടന്‍ തൊഴിലാളികള്‍ ശരാശരി മലയാളികളുടെ അത്രയും ക്രിമിനല്‍ വാസന ഉള്ളവര്‍ ആയിരുന്നു എങ്കില്‍ കേരളത്തിലെ കൊലപാതകങ്ങളില്‍ പത്തിലൊന്നും അവര്‍ ആയിരിക്കണം ചെയ്യുന്നത്. അതായത് വര്‍ഷത്തില്‍ ഇരുപത്തി ഏഴു കൊലപാതകങ്ങള്‍. ഒരു വര്‍ഷം ശരാശരി എത്ര കൊലപാതകങ്ങള്‍ മറുനാടന്‍ തൊഴിലാളികള്‍ ചെയ്തതായി നിങ്ങള്‍ കേള്‍ക്കാറുണ്ട്?
അല്പം കൂടി കടത്തി പറയാം. കേരളത്തിലെ കൊലപാതകങ്ങള്‍ ഭൂരിഭാഗവും ചെയ്യുന്നത് ഇരുപതിനും എഴുപത്തിനും ഇടക്ക് പ്രായമുള്ള ആണുങ്ങളാണ്. കേരള ജനസംഖ്യയുടെ പകുതിയിലും താഴെ മാത്രമേ ഇവരുടെ എണ്ണം ഉള്ളൂ. അതേസമയം കേരളത്തിലെ മറുനാടന്‍ തൊഴിലാളികളില്‍ എണ്‍പത് ശതമാനവും ഇരുപതിനും അറുപത്തിനും ഇടക്കുള്ള പുരുഷന്മാര് ആണ്. അപ്പോള്‍ ഇരുപതിനും എണ്‍പതിനും ഇടക്കുള്ള ആണുങ്ങളില്‍ കൊലപാതകികളുടെ അനുപാതം മലയാളികളില്‍ മറുനാട്ടുകാരേക്കാളും ഇരട്ടിയില്‍ ഏറെ വരും. സംശയം ഉള്ളവര്‍ക്ക് ഈ കണക്കുകള്‍ കൃത്യമായി അന്വേഷിച്ചു കൂട്ടി നോക്കിയാല്‍ മതി. പോലീസില്‍ നിന്നുള്ള ആരെങ്കിലും എന്റെ പോസ്റ്റ് വായിക്കുന്നുണ്ടെങ്കില്‍ ഈ കണക്ക് ഒന്ന് കൂട്ടി സ്ഥിരീകരിക്കുമല്ലോ.
സ്വയരക്ഷക്ക് അല്ലാത്ത ഏതൊരു കൊലപാതകവും ക്രൂരവും ഒഴിവാക്കേണ്ടതും ആണ്. അതിന് നാടന്‍ – മറു നാടന്‍ വ്യത്യാസങ്ങള്‍ ഇല്ല. നാട്ടുകാരോ മറുനാട്ടുകാരോ ആയ ആരും ചെയ്യുന്ന ഒരു കൊലപാതകത്തേയും ഞാന്‍ ന്യായീകരിക്കുന്നുമില്ല. ഏതൊരു കൊലപാതകം നടന്നാലും അത് അന്വേഷിക്കപ്പെടണം, കുറ്റവാളികള്‍ പിടിക്കപ്പെടണം, പില്ക്കാലത്ത് സമൂഹത്തിന് അവര്‍ ഭീഷണി ഉണ്ടാക്കാത്ത തരത്തില്‍ അവര്‍ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷെ ഒരു കൊലപാതകം ചെയ്തത് മറുനാട്ടില്‍ നിന്നുള്ള ആളായത് കൊണ്ട് മറുനാട്ടുകാരെല്ലാം കൊലപാതകികളോ ക്രിമിനലുകളോ ആണെന്ന ചിന്ത ആളുകളില്‍ ഉണ്ടാകരുത്. അത്തരത്തില്‍ ഒരു വികാരം ഉണ്ടാകുന്നതിനെ നമ്മള് പ്രോത്സാഹിപ്പിക്കുകയും അരുത്.
അത് ഒരു ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ല, പ്രത്യേകിച്ചും മറുനാടുകളില്‍ പോയി അധ്വാനിക്കുന്നവരുടെ വിയര്‍പ്പില്‍ പണിതുയര്‍ത്തിയ ഒരു നാട്ടില്‍.
മുരളി തുമ്മാരുകുടി.