മൈസൂരു കുവെമ്ബുനഗര്‍ സ്വദേശിയായ വിദ്യാര്‍ഥി അഭിഷേക് സുധേഷ് ഭട്ട്(25) കാലഫോര്‍ണിയയിലെ ഹോട്ടലില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. സാന്‍ ബര്‍ണാര്‍ഡിനോയിലെ കാലഫോര്‍ണിയ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന അഭിഷേകിന് പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ഹോട്ടലില്‍ വച്ചാണ് വെടിയേറ്റത്. രണ്ടുവര്‍ഷം മുന്‍പാണ്‌ ബിരുദാനന്തര ബിരുദ പഠനത്തിനായി അഭിഷേക് കാലഫോര്‍ണിയയിലെത്തിയത്. ബിരുദപഠനം പൂര്‍ത്തിയാവാന്‍ നാലുമാസം മാത്രം ബാക്കിയിരിക്കെയാണ് ദാരുണാന്ത്യം.

വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് അഭിഷേക് കൊല്ലപ്പെട്ടെന്ന വിവരം ഫോണ്‍ മുഖാന്തരം കുടുംബാംഗങ്ങള്‍ അറിഞ്ഞത്. സാന്‍ ബര്‍ണാര്‍ഡിനോയില്‍ അതിശക്തമായ ചുഴലിക്കാറ്റ് വീശുന്നതിനാല്‍ അഭിഷേകിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രയാസം നേരിടുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

മോട്ടലിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അഭിഷേകിന് വെടിയേറ്റത്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്ന് അഭിഷേകിന്റെ ബന്ധുക്കള്‍ അറിയിച്ചു. യോഗ ഗുരുവും മൈസൂര്‍ കുവെമ്ബുനഗറിലെ ശ്രീ ഉപനിഷത്ത് യോഗ സെന്റര്‍ ട്രസ്റ്റിന്റെ സ്ഥാപകനുമായ സുധേഷ് ചന്ദിന്റെ മകനാണ് അഭിഷേക്.

വിദ്യാര്‍ത്ഥിയുടെ മൃതദേഹം ബെര്‍ണാഡിനോ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുഎസിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഈ കുടുംബത്തിന് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ 16 വര്‍ഷമായി സുധേഷ് യോഗ കേന്ദ്രം നടത്തുകയാണ്. അഭിഷേകിനൊപ്പം മോട്ടലില്‍ ജോലി ചെയ്യുന്ന സുഹൃത്താണ് മരണ വിവരം വീട്ടുകാരെ അറിയിച്ചത്.