തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ വ്യാജമെന്ന് പ്രതികരിച്ച്‌ ഷെയ്ന്‍ നിഗം. ‘കുര്‍ബാനി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇടുക്കി, മാങ്കുളത്തെ ഒരു റിസോര്‍ട്ടില്‍ നിന്ന് തന്നെ ഇറക്കിവിട്ടെന്ന വാര്‍ത്ത വ്യാജമെന്ന് നടന്‍ പ്രതികരിച്ചു.

പ്രസ്തുത വാര്‍ത്ത തീര്‍ത്തും കളവും കെട്ടിച്ചമച്ചതുമാണെന്നും തനിക്കെതിരായി ഇപ്പോള്‍ നടക്കുന്ന ചില പ്രചാരണങ്ങളുടെ ഭാഗമാണ് ഇതെന്നും ഷെയ്ന്‍ നിഗം പ്രതികരിച്ചു. ‘കുര്‍ബാനി’യുടെ ചിത്രീകരണസമയത്ത് അണിയറ പ്രവര്‍ത്തകര്‍ക്കായി താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്ന മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് ഷെയ്ന്‍ നിഗത്തെ ഇറക്കിവിട്ടിരുന്നെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.

ഷെയ്‌നും കൂടെ ഉണ്ടായിരുന്നവരും കൂവിവിളിച്ച്‌ ബഹളമുണ്ടാക്കിയത് റിസോര്‍ട്ടിലെ മറ്റ് താമസക്കാര്‍ക്ക് ശല്യമായെന്നും ഇതോടെ ജീവനക്കാര്‍ താരത്തെ പുറത്താക്കിയെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും തനിക്കെതിരായ ഇത്തരം പ്രചാരണങ്ങള്‍ക്ക് ഭാവിയിലും സാധ്യതയുണ്ടെന്നു ഷെയ്ന്‍ ആശങ്ക പ്രകടിപ്പിച്ചു.