ബംഗളൂരു: ഉള്ളിവിലയിലെ വര്‍ധനവ് മാറ്റമൊന്നുമില്ലാതെ തുടരുന്നതിനിടെ സവാള ഉപയോഗിച്ചുള്ള ആഹാരങ്ങള്‍ മെനുവില്‍ നിന്നും പിന്‍വലിച്ച്‌ ഹോട്ടലുകള്‍. ബംഗളൂരുവിലെ ഹോട്ടലുകളിലാണ് ഇഷ്ട ആഹാരമായ ഉള്ളി ദോശ ഉള്‍പ്പെടെയുള്ള ആഹാരങ്ങള്‍ പാചകം ചെയ്യുന്നത് നിര്‍ത്തിയിരിക്കുന്നത്.

ഇതുപോലെ ഉള്ളി ഉപയോഗിച്ച്‌ തയാറാക്കുന്ന മറ്റ് പല വിഭവങ്ങളും ഇപ്പോള്‍ വില്‍ക്കുന്നില്ലെന്ന് ബംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ സംഘടനയുടെ ട്രഷറര്‍ വി. കാമത്ത് പറഞ്ഞു. ആദ്യഘട്ടത്തില്‍ ഉള്ളിയുടെ ഉപയോഗിക്കുന്നതിന്റെ അളവ് കുറച്ചിരുന്നു. എന്നാല്‍ ഇത് വിഭവങ്ങളുടെ സ്വാദില്‍ തന്നെ വ്യത്യാസം വരുത്തിയതിനാല്‍ ഇപ്പോള്‍ ഇത്തരം ആഹാരങ്ങള്‍ തയാറാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ഉള്ളിയുടെ വിലവര്‍ധനവിനനുസരിച്ച്‌ ഭക്ഷണത്തിന്റെ വിലയും വര്‍ധിപ്പിച്ചാല്‍ അത് സാധാരണക്കാരെ ഹോട്ടലുകളില്‍ നിന്ന് അകറ്റുന്ന അവസ്ഥയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിലോയ്ക്ക് 100 രൂപക്കടുത്താണ് ഇപ്പോള്‍ സവാളയുടെ ചില്ലറ വില്‍പന വില. എന്നാല്‍ ഇത് നിയന്ത്രിക്കുന്നതിനാവശ്യമായ ഒരിടപെടലും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.