മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യമായ മഹാ വികാസ് അഖാഡി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. 169 വോട്ടുകളാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നേടിയത്. മഹാരാഷ്ട്ര നിയമസഭയില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ ശബ്ദവോട്ടോടെ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. വോട്ടെടുപ്പിന് മുന്‍പ് തന്നെ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.

സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. എന്നാല്‍ സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച അറിയിപ്പ് തങ്ങള്‍ക്ക് ലഭിക്കാന്‍ വൈകിയെന്നും എം.എല്‍.എമാരെ സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

സ്പീക്കര്‍ തെരഞ്ഞെടുപ്പ് ആദ്യം നടത്തിയ ശേഷമാണ് വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതെന്നും പ്രോ ടേം സ്പീക്കറെ മാറ്റിയ നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്നും ഫഡ്നാവിസ് ആരോപിച്ചു. ഫഡ്നാവിസിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഭരണപക്ഷവും വലിയ ബഹളംവച്ചു. ഇതോടെ സ്പീക്കര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് തന്നെ പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.